ഒഎൻവി പുരസ്‌കാരത്തിന് തമിഴ് കവി വൈരമുത്തുവിനെ തെരഞ്ഞെടുത്തതിൽ രൂക്ഷ വിമർശനവുമായി ഡബ്ല്യുസിസി. മുൻകാലങ്ങളിൽ എം.ടി, സുഗതകുമാരി, അക്കിത്തം, ലീലാവതി എന്നിവരെ പോലുള്ള പ്രതിഭകള്‍ക്ക് നല്‍കിയ അംഗീകാരം ലൈംഗികാരോപണക്കേസിൽ ഉൾപ്പെട്ട ഒരാൾക്ക് നൽകുന്നതിനെ അപലപിക്കുന്നുവെന്ന് വനിത ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഒഎൻവി തന്‍റെ കലയിലൂടെയും ജീവിതത്തിലൂടെയും ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും സിദ്ധാന്തങ്ങളെയും ജൂറി മാനിക്കണമെന്നും കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും സംഘടന അഭ്യർഥിച്ചു.
വൈരമുത്തുവിന് അവാർഡ് നൽകുന്നതിൽ ഡബ്ല്യുസിസിക്ക് പറയാനുള്ളത്
'ഒ.എൻ.വി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിനായി കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ തിരഞ്ഞെടുത്ത തീരുമാനത്തെ ഡബ്ല്യുസിസി ശക്തമായി അപലപിക്കുന്നു. മുൻവർഷങ്ങളിൽ ശ്രീ എം.ടി വാസുദേവൻ നായർ, ശ്രീമതി സുഗത കുമാരി ടീച്ചർ, മഹാകവി അക്കിത്തം, ശ്രീമതി എം. ലീലാവതി എന്നിങ്ങനെ സാഹിത്യത്തിലെ അതുല്യ വ്യക്തിത്വങ്ങൾക്കാണ് ഈ പുരസ്കാരം ലഭിച്ചത്.
- " class="align-text-top noRightClick twitterSection" data="">
മലയാളിയുടെ ഭാവനയെയും വിപ്ലവസങ്കൽപ്പങ്ങളെയും ആഴത്തിൽ സ്വാധീനിച്ച കവിയായിരുന്നു ശ്രീ ഒ.എൻ.വി. കുറുപ്പ്. തന്‍റെ പ്രവർത്തനമേഖലയിലും ഒരു വ്യക്തി എന്ന നിലയിലും മാനുഷിക മൂല്യങ്ങളും സഹാനുഭൂതിയും ഉയർത്തിപ്പിടിച്ച ശ്രീ ഒ.എൻ.വി. കുറുപ്പ് സഹപ്രവർത്തകർക്കും വായനക്കാർക്കും ഒരുപോലെ ആരാധ്യനായിരുന്നു.
2018 ഇൽ ആരംഭിച്ച #ഇന്ത്യൻ മീടൂ മൂവ്‌മെന്‍റിന്‍റെ ഭാഗമായി വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമ ആരോപണങ്ങളുമായി 17 സ്ത്രീകളാണ് മുന്നോട്ടുവന്നത്- ഇതിൽ ഭൂരിഭാഗവും തൊഴിലിടങ്ങളിൽ നടന്ന അതിക്രമങ്ങളാണ്. ലൈംഗിക അതിക്രമങ്ങൾ നടത്തിയ നിരവധി ആളുകളെ തുറന്ന് കാട്ടുക വഴി, ലോകമെമ്പാടും നിർണായകമായ പല മാറ്റങ്ങളാണ് #മീടൂ മൂവ്മെന്‍റ് കൊണ്ടുവന്നത്. തൊഴിലിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിരോധിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന പോഷ് ആക്‌ട് 2013 അടക്കമുള്ള നിയമങ്ങൾ സിനിമ മേഖലയിൽ പ്രാവർത്തികമാവാനും കാരണമായത് #മീടൂ വെളിപ്പെടുത്തലുകളാണ്.
More Read: വൈരമുത്തുവിന് ഒഎൻവി അവാർഡ് ; രൂക്ഷ വിമർശനവുമായി പാർവതി തിരുവോത്ത്
സാമൂഹ്യനീതിക്കും സമത്വത്തിനുമായുള്ള പോരാട്ടങ്ങളിൽ കലാ-സാഹിത്യരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സർഗ്ഗാത്മക ഇടപെടലുകളെ വിലമതിക്കുന്ന ഒരു സമൂഹത്തിന്‍റെ ഭാഗമാണ് നമ്മൾ. ശ്രീ ഒ.എൻ.വി.കുറുപ്പ് തന്‍റെ കലയിലൂടെയും ജീവിതത്തിലൂടെയും ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും സിദ്ധാന്തങ്ങളെയും ഒ.എൻ.വി ലിറ്റററി അവാർഡ് ജൂറി മാനിക്കണമെന്നും കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു. സഹപ്രവർത്തകരെ അതിക്രമങ്ങൾക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോ? കല ഒരിക്കലും പീഡനങ്ങൾക്കുള്ള ഒരു മറയാവരുത്!'
നേരത്തെ നടി പാർവതി തിരുവോത്തും പുരസ്‌കാരപ്രഖ്യാപനത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.