മാന്ത്രിക വിരലുകളാല്‍ വയലിനില്‍ വിസ്മയം തീര്‍ത്ത പ്രതിഭ ബാലഭാസ്‌കറിനെ സംഗീത ലോകത്തിന് നഷ്ടമായിട്ട് രണ്ട് വര്‍ഷം തികയുന്നു. 2018 സെപ്റ്റംബര്‍ 25ന് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആദ്യം ബാലുവിന്‍റെ പിഞ്ചുമകള്‍ തേജസ്വിനി മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ രണ്ടിന് ബാലുവും പോയി. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്‍റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെട്ടു. നാൽപതാം വയസിലായിരുന്നു ആ വിടവാങ്ങല്‍. നാല്‍പത് എന്നത് ഒരു കലാകാരന്‍റെ ചെറുപ്രായം തന്നെയാണ്. ജീവിതത്തിലും തൊഴിലിലും പോരാളിയായതു കൊണ്ട് അവിചാരിതമായി ചെന്നുപെട്ട ദുർവിധിയോട് പോരാടി തിരികെയെത്തും എന്നാണ് സംഗീതലോകവും ബാലുവിനെ സ്നേഹിക്കുന്നവരും കരുതിയിരുന്നത്. എന്നാല്‍ എല്ലാവരെയും നിരാശയിലാഴ്ത്തി അയാൾ യാത്രയായി.
വയലിൻ ശോകസംഗീതം കൈകാര്യം ചെയ്യുന്ന ഉപകരണമാണെന്ന തോന്നൽ ബാലഭാസ്കർ അതിൽ വിരൽ വെച്ചതോടെയാണ് സംഗീത പ്രേമികള്‍ക്ക് ഇല്ലാതായത്. ബാലുവിന്‍റെ സ്പീഡ് നമ്പറുകൾ വൻ വിജയമായിരുന്നു. മുഖത്തമരുന്ന വയലിൻ അടുത്ത സുഹൃത്തായിരുന്നു ബാലുവിന്. കേരളത്തിലെ ഏറ്റവും വലിയ കലാമേളകളിൽ ഒന്നായ സൂര്യ ഫെസ്റ്റിന്‍റെ തീം സോങ്ങ് വയലിനിൽ പിറവിയെടുത്തതിലൂടെയാണ് വയലിനിസ്റ്റ് എന്ന നിലക്ക് ബാലുവിലെ പ്രതിഭയെ എല്ലാവരും നേരിട്ടറിഞ്ഞ ആദ്യ നിമിഷം. അത് മറ്റാർക്കും അനുകരിക്കാനാവാത്ത വിധം ഇന്നും ബാലുവിന്‍റെ കയ്യൊപ്പ് പതിഞ്ഞ് നമുക്ക് മുന്നിൽ കിടക്കുന്നുണ്ട്. ചെറുപ്രായത്തിൽ സിനിമാ സംഗീതത്തിൽ ബാലു അരങ്ങേറ്റം കുറിച്ചു. മാഗ്നാ സൗണ്ടുമായി ചേർന്ന് സംഗീത ആൽബം ചെയ്യുന്നതിനിടെ ആകസ്മികമായി ആ പാട്ടുകൾ കേട്ട മംഗല്യപ്പല്ലക്ക് എന്ന സിനിമയുടെ പ്രവർത്തകർ ആ ഗാനങ്ങള്‍ സിനിമയിലെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ബാലുവിന്‍റെ ആദ്യ സംഗീതത്തില്‍ ഒരുങ്ങിയ പാട്ട് ആലപിച്ചതാകട്ടെ സാക്ഷാല്‍ യേശുദാസും.
ഇലക്ട്രിക് വയലിനുമായി ബാലഭാസ്കർ സ്റ്റേജുകളിലെത്തിയപ്പോള്‍ വേദികൾ കോരിത്തരിച്ചിരുന്നു. ഫ്യൂഷൻ സംഗീതത്തിന് കേരളത്തിൽ വാതിൽ തുറന്നുകൊടുത്തുവെന്നത് മാത്രമല്ല ബാലഭാസ്കറിന്‍റെ സംഭാവന.... ഒട്ടേറെ സംഗീത സംഘങ്ങളെ അദ്ദേഹം സജീവമാക്കി. സാങ്കേതികവിദ്യ വിഴുങ്ങിയ സംഗീതത്തെ അതേ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുതന്നെ സർഗാത്മകമായി പുതുക്കിയെഴുതാനും ബാലഭാസ്കറിനായി. പ്രാണനേക്കാൾ പ്രിയപ്പെട്ട അല്ലെങ്കില്‍ ഒരു ശരീര ഭാഗമായിരുന്നു ബാലഭാസ്കറിന് വയലിന്‍. കേരളത്തിലെ കലാലയങ്ങളിലെ ആദ്യ കാല മ്യൂസിക് ബാൻഡുകളിൽ ഒന്നായിരുന്നു ബാലുവിന്‍റെയും കൂട്ടുകാരുടെയും കൺഫ്യൂഷൻ. എട്ട് പേരാണ് ബാന്‍ഡിലുണ്ടായിരുന്നത്. അതിൽ മൂന്ന് പേർ പാട്ടുകാർ. ബാന്‍ഡിന്‍റെ പാട്ടുകൾ എല്ലാം ഹിറ്റുകളായിരുന്നു. നിനക്കായ്, നീ അറിയാൻ തുടങ്ങിയ ആൽബങ്ങൾ ചെറുപ്പക്കാർ ഏറ്റെടുത്ത് തുടങ്ങി. അന്ന് മിനി സ്ക്രീനിൽ വന്നിരുന്ന ഒട്ടുമിക്ക സിനിമ ഇതര സംഗീത പരിപാടികളിലും ഈ പാട്ടുകൾ നിറഞ്ഞ് നിന്നു. ബാൻഡ് കാമ്പസിന് പുറത്തേക്ക് വളർന്നു... ആരു നീ എന്നോമലെ എന്ന പാട്ട് സ്വന്തം പ്രണയിനിയായ ലക്ഷ്മിക്കുള്ള ബാലുവിന്‍റെ സമർപ്പണമായിരുന്നു.
പിന്നീട് പ്രൊഫഷണൽ കലാകാരന്മാരെ ചേർത്ത് ‘ദ് ബിഗ് ബാൻഡി’ന് ബാലു തുടക്കമിട്ടു. നാല് വർഷം ആ ബാൻഡ് തുടർന്നു. പിന്നീട് വേദികളില്‍ നിന്ന് വേദികളിലേക്ക് പറന്ന് നടന്നു. ഒട്ടേറെ മധുര ഗാനങ്ങള്‍ ബാലഭാസ്‍കറിന്‍റെ വയലിനില്‍ ഊഴം കാത്തുനില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ മരണം. ദൈവത്തിന് അയാളുടെ മാന്ത്രിക വിരലുകളോട് അസൂയ തോന്നിയിട്ടുണ്ടാവും.... വാഹനാപകടം എന്ന നിലയിൽ നിന്ന് രാജ്യാന്തര മാനങ്ങളുള്ള സ്വർണക്കടത്ത് ശൃംഖലയുമായി ചേർത്തുവച്ചാണ് രണ്ട് വർഷം പിന്നിടുമ്പോള്‍ ബാലഭാസ്കറിന്‍റെ മരണത്തെ കേരളം നോക്കിക്കാണുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചെങ്കിലും മരണത്തിലെ ദുരൂഹത ഇന്നും ബാക്കിയാണ്. അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ ബാലഭാസ്കറിന്‍റെ മരണത്തിലെ ദുരൂഹത മറനീക്കി പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.