നടൻ ഷെയ്ന്‍ നിഗമിനെതിരായ പരാതിയിൽ തുടർ നടപടി ആലോചിക്കുന്നതിനായി നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് കൊച്ചിയിൽ യോഗം ചേരും. വൈകുന്നേരം ഭാരവാഹികളുടെ യോഗവും നാളെ പ്രവർത്തക സമിതിയും ചേരും. വെയിൽ സിനിമയുടെ നിർമാതാവ് ജോബിയാണ് ഷെയിനെതിരെ പരാതി നൽകിയത്. നിലവില്‍ ഷൂട്ടിങ് തുടരുന്ന സിനിമകള്‍ ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പുതിയ സിനിമകളില്‍ താരത്തെ സഹകരിപ്പിക്കാതിരിക്കുന്നതും സംഘടനയുടെ പരിഗണനയിലുണ്ട്.
വെയില്‍ സിനിമയുടെ സംവിധായകനുമായും നിര്‍മാതാവുമായും താരത്തിന് ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ കുറച്ചുനാള്‍ മുമ്പ് നിർമാതാക്കളുടെ സംഘടനയും താരസംഘടനയും ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ വെയിൽ സിനിമയുമായി ഷെയ്ന്‍ പിന്നീടും നിസഹകരണം തുടര്‍ന്നതിനാലാണ് സംവിധായകനും നിർമാതാവും വീണ്ടും പരാതിയുമായി എത്തിയത്. ഒത്തുതീർപ്പാക്കിയ പ്രശ്നം വൈരാഗ്യ ബുദ്ധിയോടെ ഷെയ്ന്‍ വഷളാക്കിയ സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് നിർമാതാവിന്‍റെ അഭിപ്രായം. സംഘടനകള്‍ സംയുക്തമായി എടുത്ത കരാര്‍ ലംഘിച്ചതിനാല്‍ താരസംഘടനയായ അമ്മയും ഷെയ്നിനെ പിന്തുണക്കുന്നില്ല. അഭിനേതാവ് കരാര്‍ ലംഘിക്കുന്നത് തെറ്റാണെന്ന് അമ്മ സെക്രട്ടറി ഇടവേളബാബു പറഞ്ഞിരുന്നു.