തിരുവനന്തപുരം: പത്ത് മാസം നീണ്ട ഇടവേളയ്‌ക്ക് ശേഷം കേരളത്തിലും തിയേറ്ററുകള്‍ തുറന്നു. വിജയ് ചിത്രമായ മാസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് സിനിമാശാലകൾ സജീവമായത്. ആദ്യപ്രദർശനത്തിന് സീറ്റ് ഉറപ്പിക്കാൻ തിയേറ്ററിലേക്ക് വിജയ് ആരാധകർ ഒഴുകിയെത്തി. സർക്കാർ നിർദേശിച്ച കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് തിയേറ്ററുകൾ പ്രവർത്തനം തുടങ്ങിയത്. എല്ലാ തിയേറ്ററിലും അമ്പത് ശതമാനം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. ഇതിനായി ഒന്നിടവിട്ട സീറ്റുകളിൽ ഇരിപ്പടം ക്രമീകരിച്ചിട്ടുണ്ട്.
സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് തിയേറ്ററുകളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്. കൂടാതെ കൈകൾ അണുവിമുക്തമാക്കിയും ശരീരോഷ്മാവ് പരിശോധിച്ചും സുരക്ഷ ഉറപ്പാക്കി. ജീവനക്കാർക്ക് മാസ്‌ക്കും ഗ്ലൗസും നിർബന്ധമാക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണിവരെ മൂന്ന് ഷോ എന്ന നിലയിലാണ് തിയേറ്ററുകൾ പ്രവർത്തിക്കുന്നത്.
വിജയ്‌യുടെ ബിഗ് ബജറ്റ് ചിത്രമായ മാസ്റ്റർ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള 150 മുതൽ 200 വരെ തിയേറ്ററുകളിലാണ് റിലീസ് ചെയ്‌തത്. ആദ്യ ഷോ കാണാൻ രാവിലെ തന്നെ തിയേറ്ററുകളിൽ ആരാധകരുടെ തിരക്കായിരുന്നു. പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്റർ അനുഭവം ആസ്വദിക്കുന്നതിന്‍റെ ത്രില്ലും ആളുകള്‍ മറച്ചുവെച്ചില്ല. അതേസമയം തിയേറ്ററിനുള്ളിലെ പഴയ ഓളം ഇപ്പോഴില്ലെന്നാണ് ചിലർക്ക് പറയാനുള്ളത്.
സിനിമാ സംഘടനകൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചതോടെയാണ് തിയേറ്ററുകൾ തുറക്കാൻ വഴി ഒരുങ്ങിയത്. വരും ദിവസങ്ങളിൽ കൂടുതൽ സിനിമകൾ റിലീസിന് എത്തുന്നതോടെ വെള്ളിത്തിര വീണ്ടും സജീവമാകും. കൊവിഡിന് ശേഷമുള്ള തിയേറ്റർ അനുഭവം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ പങ്കുവെക്കുന്നത്.