തിരുവനന്തപുരം: ഈ വർഷത്തെ വയലാർ പുരസ്‌കാരം പ്രഖ്യാപിച്ചു. കവി ഏഴാച്ചേരി രാമചന്ദ്രനാണ് 44-ാം വയലാർ പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നത്. 'ഒരു വെർജീനിയൻ വെയിൽകാലം' എന്ന കൃതിയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിക്കുന്ന ശിൽപവുമാണ് അവാർഡ്. നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. വയലാര്‍ രാമവര്‍മയുടെ ചമരദിനമായ ഒക്‌ടോബര്‍ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് വിതരണം ചെയ്യും. അവാര്‍ഡ് ജേതാവിനെ ഏകകണ്‌ഠേനയാണ് തെരഞ്ഞെടുത്തതെന്ന് അവാര്‍ഡ് നിര്‍ണയ സമിതി അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ അറിയിച്ചു. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ച ഏഴാച്ചേരി രാമചന്ദ്രൻ ദേശാഭിമാനി വാരാന്ത്യപതിപ്പിന്‍റെ പത്രാധിപരായിരുന്നു. മൂന്ന് തവണ സംസ്ഥാന സർക്കാരിന്‍റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റുമാരിലൊരാളാണ്. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്‍റായും പ്രവർത്തിക്കുന്നുണ്ട്. മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുണ്ട്. ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂർ എന്നിവയാണ് പ്രധാന കവിതകൾ. ഉയരും ഞാൻ നാടാകെ, കാറ്റുചിക്കിയ തെളിമണലിൽ (ഓർമപ്പുസ്തകം) എന്നിവയാണ് ഗദ്യരൂപത്തിലുള്ള പ്രധാന കൃതികൾ.