ധനുഷിന് ശേഷം നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്ന വാടിവാസൽ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. അസുരന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാടിവാസൽ. തമിഴ് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന സി.എസ് ചെല്ലപ്പയുടെ വാടിവാസൽ എന്ന പ്രശസ്ത കൃതിയാണ് അതേപേരിൽ സിനിമയാക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ടതാണ് കഥയുടെ ഇതിവൃത്തം. ജെല്ലിക്കെട്ട് കളത്തിലേക്ക് കാളക്കൂറ്റനെ ഇറക്കുന്ന ഇടുങ്ങിയ വഴിയാണ് വാടിവാസൽ. അച്ഛനെ കൊലപ്പെടുത്തിയ കാരി എന്ന ജെല്ലിക്കെട്ട് കാളയെ തോൽപ്പിക്കാനുള്ള പിച്ചി എന്ന മകന്‍റെ പ്രതികാരമാണ് വാടിവാസൽ. ചിത്രത്തിൽ സൂര്യ ഡബിൾ റോളിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
സുധ കൊങ്ങര സംവിധാനം ചെയ്ത സൂരറൈ പോട്ര് എന്ന ചിത്രത്തിന്‍റെ വിജയത്തിനും നിരൂപക പ്രശംസക്കും ശേഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് വാടിവാസൽ. സൂര്യ- വെട്രിമാരൻ കൂട്ടുകെട്ട് കുറച്ചൊന്നുമല്ല പ്രേക്ഷകന് പ്രതീക്ഷ നൽകുന്നത്. സൂര്യയുടെ പിറന്നാൾ ദിവസം ചിത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ജെല്ലിക്കെട്ട് പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമ ആയതിനാൽ വലിയ ആൾക്കൂട്ടമുള്ള ഔട്ട്ഡോർ രംഗങ്ങൾ ഏറെയുള്ള സിനിമയാണ് വാടിവാസൽ.
Also Read: ചിരിയുടെ മാലപ്പടം തീർക്കാൻ നിവിൻ പോളി; കോമഡി ഉറപ്പ് നൽകി കനകം കാമിനി കലഹം ടീസർ
വി ക്രിയേഷൻസിന്‍റെ ബാനറിൽ കലൈപ്പുലി എസ്. താണുവാണ് ചിത്രം നിർമിക്കുന്നത്. ജി.വി പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കിയ അസുരനും തമിഴ് നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. പൂമണി എഴുതിയ വേക്കൈ എന്ന നോവലാണ് മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകൾ നേടിയ അസുരൻ എന്ന സിനിമയായത്.