റിലീസായി മണിക്കൂറുകള്‍ക്കകം സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ ഇറങ്ങുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. ഇതിനെതിരെ ഗൗരവ പൂര്‍ണമായ ഒരു നടപടി അധികാരികള്‍ ഇതുവരെ സ്വീകരിച്ചിട്ടുമില്ല. തിയേറ്ററില്‍ അധികദിവസം ഓടാത്ത സിനിമകള്‍ ഓണ്‍ലൈനില്‍ റിലീസാകുമ്പോള്‍ മികച്ച അഭിപ്രായങ്ങള്‍ നേടാറുമുണ്ട്. ഇപ്പോള്‍ തൊട്ടപ്പന്‍ എന്ന ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ചര്‍ച്ചയാകുന്നത്. വ്യാജ പതിപ്പുകള്‍ അപ്‌ലോഡ് ചെയ്തവരെ പരസ്യമായി വിമര്‍ശിച്ചുകൊണ്ടാണ് കുറിപ്പ്. നെറ്റ്ഫ്ലിക്സില്‍ കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്‍റെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ പലയിടത്തായി കാണുകയുണ്ടായിയെന്നും സിനിമയിലെ ചില രംഗങ്ങള്‍ മുറിച്ചുമാറ്റി രണ്ടരമണിക്കൂര്‍ ചിത്രം രണ്ട് മണിക്കൂറില്‍ താഴെയാക്കി അപ്‌ലോഡ് ചെയ്തത് ശരിയായില്ലെന്നും അണിയറപ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.
- " class="align-text-top noRightClick twitterSection" data="">
'പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായങ്ങള്‍ പങ്കുവച്ച തൊട്ടപ്പന്‍ ഈ ആഴ്ച്ച നെറ്റ്ഫ്ലിക്സിലും റിലീസായിരുന്നു. തിയേറ്ററില്‍ സിനിമ കാണാതിരുന്നവര്‍ ഓണ്‍ലൈന്‍ റിലീസിന് ശേഷം ഒത്തിരി നല്ല അഭിപ്രായങ്ങള്‍ അറിയിച്ചതിലും ഏറെ സന്തോഷം.... ഇപ്പോഴിതാ സിനിമയുടെ വ്യജപതിപ്പിപ്പുകളും ഓണ്‍ലൈനില്‍ വ്യാപകമായിരിക്കുന്നതായും അറിയുന്നു. എന്നാല്‍ സിനിമയോട് നീതിപുലര്‍ത്താതെ രണ്ടര മണിക്കൂര്‍ ഉള്ള ചിത്രം, രണ്ട് മണിക്കൂറില്‍ താഴെയാക്കി ചുരുക്കിയാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മുഴുവന്‍ പടം പ്രേക്ഷകരെ കാണിക്കാനുള്ള സന്മനസെങ്കിലും നിങ്ങള്‍ കാണിക്കണമായിരുന്നു. രണ്ടര മണിക്കൂര്‍ സിനിമയെ രണ്ട് മണിക്കൂറില്‍ താഴെയാക്കി ചുരുക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന ആസ്വാദന നിലവാരത്തെ കുറിച്ച് ഏറെ ആശങ്കയും വിഷമവുമുണ്ട്. ഇത്തരമൊരു ക്രൈം സിനിമയുടെ നിലവാരത്തെയും പ്രേക്ഷകന് ലഭിക്കേണ്ട കാഴ്ച്ച അനുഭവത്തെയും തന്നെ തകര്‍ക്കുന്ന ഒന്നായെ കാണാനാകൂ. സിനിമക്ക് വരുന്ന സാമ്പത്തിക നഷ്ടത്തിനേക്കാള്‍ അപ്പുറം സിനിമയെന്ന കലാരൂപത്തെ തകര്‍ക്കുന്ന ഒന്നാണ് ഇത്. അതേസമയം നിങ്ങള്‍ ഇത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതില്‍ ഒരു പരാതിയോ പരിഭവമോ ഞങ്ങള്‍ക്കില്ല... പക്ഷെ ഈ സിനിമയുടെ നിലവാരത്തെ തന്നെയാണ് അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ തകര്‍ക്കുന്നത് എന്നതില്‍ ഏറെ ദുഃഖമുണ്ട്. യൂട്യൂബില്‍ മികച്ച അഭിപ്രായങ്ങള്‍ പങ്ക് വച്ചവര്‍ക്കും നന്ദി... നിങ്ങളുടെ പറമ്പിലെ വാഴക്കുല മോഷ്ടിച്ചിട്ട് ആ പഴത്തിന് നല്ല സ്വാദായിരുന്നുവെന്ന് പറയുന്നവരോട് നിങ്ങള്‍ എന്ത് പറയും?' ഈ ചോദ്യത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. അണിയറപ്രവര്‍ത്തകരുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സിനിമകളുടെ വ്യാജന്‍ ഇറക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കമന്‍റ് ചെയ്തത്.