Theft in Nikki Galrani home: നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം. 1.2 ലക്ഷം വിലപിടിപ്പുള്ള സാധനങ്ങളാണ് നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപാര്‍ട്‌മെന്‍റില്‍ നിന്നും മോഷണം പോയത്.
വീട്ടു വേലക്കാരനായ ധനുഷ് ആണ് മോഷ്‌ടാവെന്ന് ആരോപിച്ച് നടി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇയാളെ അറസ്‌റ്റ് ചെയ്‌തു. ജനുവരി 11നാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം മോഷണകുറ്റം ആരോപിച്ച് വീട്ടുവേലക്കാരനെ അനധികൃതമായി തടവില്‍ വച്ചിരിക്കുകയാണെന്നും നിക്കി ഗല്‍റാണിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിസികെ പാര്‍ട്ടി പ്രവര്‍ത്തകന്‍ ചെല്ലദുരൈ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടുവേലക്കാരന്‍ ധനുഷ് കുറ്റക്കാരനാണെന്ന് തെളിഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ധനുഷ് മോഷണം ചെയ്‌തതായി സ്ഥിരീകരിച്ചത്. നിക്കിയുടെ 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്‌ത്രങ്ങളുമാണ് ഇയാള്‍ മോഷ്‌ടിച്ചത്.
മോഷ്‌ടിച്ച ശേഷം ധനുഷ് കടന്നുകളയുകയായിരുന്നു. ശേഷം സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നടിയുടെ വസ്‌തുക്കളും ഇയാളില്‍ നിന്നും കണ്ടുകിട്ടി. ഇയാളെ ചോദ്യം ചെയ്യാനായി ചെന്നൈയില്‍ എത്തിച്ചിട്ടുണ്ട്.
അതേസമയം തന്‍റെ വിലപിടിപ്പുള്ള വസ്‌ത്രങ്ങളും ക്യാമറയും തിരികെ ലഭിച്ചതിനാല്‍ വീട്ടുവേലക്കാരന്‍റെ പേരിലുള്ള പരാതി നടി പില്‍വലിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
'ഡാര്‍ലിംഗ്', 'വേലയിന്ന് വന്‍ദുട്ട വെല്ലൈക്കാരന്‍', 'കടവുള്‍ ഇരുക്കാന്‍ കുമാരു', 'മൊട്ട ശിവ കേട്ട ശിവ', 'ഹരഹര മഹാദേവകി', 'മരഗത നാണയം', 'എമറാൾഡ് കോയിൻ' തുടങ്ങി നിരവധി തമിഴ് സിനിമകളിലൂടെ തെന്നിന്ത്യയില്‍ സുപരിചിതയാണ് നിക്കി ഗല്‍റാണി. സംവിധായകൻ ശശികുമാറിന്‍റെ 'രാജവംശം' എന്ന ചിത്രത്തിലാണ് നിക്കി ഗൽറാണി ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
Also Read: പ്രൊഫസര്‍ വീണ്ടും എത്തുന്നു; ആകാംക്ഷ നിറച്ച വീഡിയോ വൈറല്‍