എറണാകുളം: കാത്തിരിപ്പിനൊടുവില്‍ നിവിന്‍ പോളി ചിത്രം മൂത്തോന്‍ തീയേറ്ററുകളിലെത്തി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത സിനിമക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ടൊറന്‍റോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലടക്കം പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. റിലീസിനോടൊപ്പം മൂത്തോന്‍റെ അണിയറക്കാര്‍ സിനിമയുടെ ആര്‍ട്ട് എക്‌സിബിഷനും സിനിമാപ്രേമികള്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്. സിനിമയിലൂടെ ഒരു സഞ്ചാരം എന്നതാണ് 'മൂത്തോന്‍' ആര്‍ട് എക്സിബിഷന്‍റെ ആശയം. എറണാകുളം പനമ്പിളി നഗറിലെ കഫെ പപ്പായയിലാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചത്.
ആര്‍ട്ടിസ്റ്റ് റിയാസ് കോമുവാണ് എക്സിബിഷന്‍ നയിക്കുന്നത്. എക്സിബിഷന്‍ നടന്‍ നിവിന്‍ പോളി ഉദ്ഘാടനെ ചെയ്തു. ഇനിയും നിരവധി സിനിമകൾക്ക് ചിത്രകലയുമായി വേര്‍തിരിവില്ലാതെ പോകാൻ കഴിയട്ടെയെന്ന് നടന്‍ നിവിന്‍ പോളി പറഞ്ഞു. മൂത്തോൻ സിനിമ കാണുന്ന അനുഭവം തന്നെയാണ് ആർട്ട് ഗ്യാലറി കാണുന്നവർക്ക് ഉണ്ടാവുകയെന്ന് സംവിധായിക ഗീതുമോഹന്‍ദാസ് പറഞ്ഞു. ചലച്ചിത്ര സംവിധായകരില്‍ പലരും ചിത്രകലയുമായി അടുത്തിടപഴകിയവരായിരുന്നുവെന്ന ഓര്‍മപ്പെടുത്തല്‍കൂടിയാണ് ഈ എക്സിബിഷനെന്ന് റിയാസ് കോമു പറഞ്ഞു.
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി വളരെ വ്യത്യസ്തമാര്‍ന്നതും അതിഗംഭീരവുമായ ആര്‍ട്ട് എക്സിബിഷനായിരുന്നു മൂത്തോന്‍ ടീം ഒരുക്കിയിരുന്നത്. പ്രദര്‍ശനം കാണാന്‍ നടന്‍ ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും എത്തിയിരുന്നു. രണ്ടാഴ്ചയോളം മൂത്തോന്‍റെ ആര്‍ട്ട് എക്‌സിബിഷന്‍ ഉണ്ടാകും.