എറണാകുളം: അൺലോക്ക് അഞ്ചാം ഘട്ടത്തിന്‍റെ ഭാഗമായി തിയേറ്ററുകൾ തുറക്കാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ തുറക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേരള ഫിലിം ചേംബർ. സിനിമ തിയേറ്ററുകൾ, മൾട്ടിപ്ലെക്‌സ്, പ്രദർശന ഹാളുകൾ എന്നിവയ്‌ക്ക് സർക്കാർ പുറത്തിറക്കുന്ന പ്രത്യേക മാർഗനിർദേശങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഒക്ടോബർ 15 മുതൽ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങൾ കേന്ദ്രസർക്കാർ പിന്നീട് വ്യക്തമാക്കും. എന്നാല്‍ വിനോദ നികുതി ഒഴിവാക്കുക, ജിഎസ്‍ടി ഇളവ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിനാല്‍ തിയേറ്ററുകൾ തുറക്കില്ലെന്നാണ് ഫിലിം ചേംബർ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ഫിലിം ചേംബറിന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലും ഇതേ നിലപാട് തന്നെയാണ് സംഘടന സ്വീകരിച്ചതെന്ന് ഫിലിം ചേംബറിന്‍റെ സെക്രട്ടറി ഇടിവി ഭാരതിനോട് പറഞ്ഞു. ഈ ആവശ്യങ്ങളുമായി പലതവണ സർക്കാരിനെ സമീപിച്ചിട്ടും ശരിയായ നടപടികൾ സ്വീകരിച്ചില്ലെന്നും ഫിലിം ചേംബർ പരാതിപ്പെടുന്നു.