ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഓണ്‍ലൈനില്‍ റിലീസ് ചെയ്ത തമിഴ് ചിത്രം പൊന്മകള്‍ വന്താലിന്‍റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ജ്യോതിക ചിത്രത്തിന്‍റെ വ്യാജന്‍ സിനിമകളുടെ വ്യാജപതിപ്പിറക്കുന്ന തമിഴ് റോക്കേഴ്‌സ് വെബ്സൈറ്റിലാണ് വന്നത്. സിനിമയുടെ എച്ച്ഡി പതിപ്പ് തന്നെയാണ് തമിഴ് റോക്കേഴ്‌സിലെത്തിയത് എന്നതാണ് ഏറെ ആശങ്ക ജനിപ്പിക്കുന്നത്. അർധരാത്രി 12 മണിയോടെയാണ് പൊൻമകൾ വന്താൽ റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ഇത് അല്‍പ്പസമയം വൈകി. പുലർച്ചെയോടെ സിനിമ റിലീസ് ചെയ്യാമെന്നാണ് കരുതിയിരുന്നത്. പക്ഷെ അർധരാത്രിയോടെ തന്നെ തമിഴ് റോക്കേഴ്‌സിൽ സിനിമയുടെ എച്ച്ഡി പതിപ്പ് വന്നു.
സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള ടുഡി എന്‍റർടെയിൻമെന്‍റാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ തിയേറ്ററുകൾ അടച്ചിട്ട പശ്ചാത്തലത്തിൽ ചെറുസിനിമകൾ ഓൺലൈൻ വഴി റിലീസ് ചെയ്യുമെന്ന തീരുമാനത്തെ എതിർത്ത് തിയ്യേറ്ററുടമകൾ രംഗത്ത് വന്നിരുന്നു. ജ്യോതികയുടെ ചിത്രം ഓൺലൈനിൽ റിലീസ് ചെയ്താൽ സൂര്യയുടെ സൂരരൈ പോട്ര് എന്ന ബിഗ് ബജറ്റ് ചിത്രത്തിന് തിയേറ്റര്‍ നൽകില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് സമവായ ചർച്ചകളിലൂടെയാണ് പ്രശ്നം പരിഹരിച്ചത്.