ചെന്നൈ: ലോക്ക് ഡൗണും കൊവിഡും മൂലം അടച്ചിട്ട തിയേറ്ററുകള്‍ നിബന്ധനകളോടെ തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി. തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് സംസ്ഥാനത്തെ തിയേറ്റര്‍ ഉടമകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
മള്‍ട്ടിപ്ലെക്‌സുകളും ഷോപ്പിങ് മാളുകളില്‍ പ്രവര്‍ത്തിക്കുന്നതുമായ തിയേറ്ററുകളും നവംബര്‍ 10 മുതല്‍ തുറക്കാം. എന്നാല്‍ കാണികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ട്. 50 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് ടിക്കറ്റുകള്‍ നല്‍കുക. സിനിമാ, ടെലിവിഷന്‍ പ്രോഗ്രാം ഷൂട്ടിങുകള്‍ക്ക് പരമാവധി 150 പേരെ പങ്കെടുപ്പിക്കാനാണ് അനുമതി.
അണ്‍ലോക്ക് അഞ്ചാം ഘട്ടത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ നിബന്ധനകളോടെ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും തമിഴ്‌നാടും കേരളവും അടക്കമുള്ള സംസ്ഥാനങ്ങള്‍ തയാറായിരുന്നില്ല. പശ്ചിമബംഗാള്‍, ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കഴിഞ്ഞ 15ന് തന്നെ നിബന്ധനകളോടെ തിയേറ്ററുകള്‍ തുറന്നിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് കൊവിഡിനെ തുടര്‍ന്ന് രാജ്യത്തെ തിയേറ്ററുകള്‍ മുഴുവനായും അടച്ചത്.