ഇത്തവണത്തെ ഓസ്കാര്‍ പുരസ്കാര ചടങ്ങില്‍ നാല് അവാര്‍ഡുകള്‍ സ്വന്തമാക്കി ചരിത്രം കുറിച്ച 'പാരസൈറ്റ്' തമിഴ് നടന്‍ വിജയ് നായകനായ 'മിന്‍സാര കണ്ണാ' എന്ന ചിത്രത്തിന്‍റെ കോപ്പിയാണെന്ന അവകാശവാദവുമായി ചിത്രത്തിന്‍റെ നിര്‍മാതാവ് പി.എല്‍ തേനപ്പന്‍ രംഗത്ത്. രചനാമോഷണത്തിന് പാരസൈറ്റിന്‍റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് പി.എല്‍ തേനപ്പന്‍.
ചൊവ്വാഴ്ചക്കുള്ളിൽ ചിത്രത്തിന്‍റെ നിർമാതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്യും. താൻ നിർമിച്ച ചിത്രത്തിന്‍റെ ഇതിവൃത്തമാണ് പാരസൈറ്റ് ഒരുക്കാൻ ഉപയോഗിച്ചിരിക്കുന്നത്. 'അവരുടെ ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് നമ്മൾ ചിത്രം നിർമിച്ചതെന്ന് കണ്ടെത്തിയാൽ അവർ നടപടി എടുക്കാറുണ്ട്. അതുപോലെ തന്നെ നമ്മൾക്കും കേസ് ഫയൽ ചെയ്യാനുള്ള അവകാശമുണ്ടെന്നും' പി.എൽ തേനപ്പൻ പറഞ്ഞു. തന്‍റെ സിനിമയുടെ ആശയം പകർത്തിയതിന് പാരസൈറ്റിന്‍റെ നിർമാതാക്കളിൽ നിന്ന് നഷ്ടപരിഹാരം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറച്ച് ദിവസമായി വിജയ് ചിത്രവും പാരസൈറ്റുമായി സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുകയാണ്. പാരസൈറ്റ് വിജയ് ചിത്രമായ മിൻസാര കണ്ണയുടെ കോപ്പിയാണെന്നാണ് ആരാധകരും അവകാശപ്പെടുന്നുണ്ട്. വിജയ്, മോണിക്ക കാസ്റ്റലിനോ, രംഭ, ഖുശ്ബു എന്നീ താരങ്ങളാണ് 1999ല്‍ പുറത്തിറങ്ങിയ മിന്‍സാര കണ്ണാ എന്ന ചിത്രത്തിൽ പ്രധാനവേഷങ്ങളില്‍ എത്തിയത്. കെ.എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തത്.
വലിയ സമ്പന്നയായ നായികയുടെ വീട്ടിലേക്ക് നായകന്‍റെ കുടുംബം മുഴുവന്‍ ജോലിക്കാരായി എത്തുന്നതാണ് മിന്‍സാര കണ്ണാ എന്ന റൊമാന്‍റിക് കോമഡി ചിത്രം പറഞ്ഞത്. നിർധനരായ ഒരു കുടുംബം, സമ്പന്ന കുടുംബത്തിൽ കയറിപ്പറ്റുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായിരുന്നു പാരസൈറ്റിന്‍റെ പ്രമേയം. മമ്മൂട്ടി ചിത്രം പേരന്‍പിന്‍റെയും നിര്‍മാതാവാണ് തേനപ്പന്‍.