എറണാകുളം: മെച്ചപ്പെട്ട സാങ്കേതികവിദ്യകളില്ലാതിരുന്ന കാലഘട്ടത്തിലും പരിമിതികളെ മറികടന്ന് പുതിയ ആവിഷ്‌കരണരീതി സിനിമക്ക് പരിചയപ്പെടുത്തിയ സംവിധായകൻ, അകിര കുറൊസാവ. സിനിമാ ചരിത്രത്തിൽ പിൻതലമുറക്കാരെ ഏറ്റവുമധികം സ്വാധീനിച്ച കലാകാരനെന്ന് കുറൊസാവ അറിയപ്പെടുന്നു. ഏതൊരു സിനിമാ പ്രേമിക്കും സിനിമാ നിരീക്ഷകനും കുറൊസാവാ സിനിമകൾ ഒഴിച്ചുകൂടാൻ പറ്റാത്തവയാണ്. അദ്ദേഹത്തിന്‍റെ എല്ലാ സിനിമകളും ചലച്ചിത്ര സംവിധായകർക്ക് വഴികാട്ടിയാണെന്ന് നിസംശയം പറയാനാകും. ഏകദേശം 30 സിനിമകൾ കുറൊസാവാ സംവിധാനം ചെയ്തിട്ടുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടവ തന്നെ. എന്നാൽ, 1950ൽ പുറത്തിറങ്ങിയ 'റാഷമോണ്‍' കുറൊസാവാ സിനിമകളിൽ വലിയ പ്രാധാന്യമർഹിക്കുന്നു.
ലോകസിനിമകളിൽ കുറൊസാവയിൽ നിന്നും ലഭിച്ച 'റാഷമോണ്‍ എഫക്ട്,' പുതിയ രീതിലുള്ള കഥാപറച്ചിലിനും മുഖ്യധാരാ സിനിമകളിൽ നിന്ന് വ്യത്യസ്‌തമായ ചിത്രങ്ങൾ നിർമിക്കുന്നതിനും വഴിയൊരുക്കി. ഒരു യഥാർത്ഥ സംഭവത്തിനെ നേരിൽ കണ്ടവർ പരസ്പര വിരുദ്ധമായ വ്യാഖ്യാനങ്ങൾ അവതരിപ്പിക്കുന്നതിനെയും വിവരണങ്ങൾ നൽകുന്നതിനെയുമാണ് 'റാഷമോണ്‍ എഫക്ട്' എന്ന് പറയുന്നത്. ഇത് റാഷമോണ്‍ സിനിമയിൽ വിവരിച്ച ഒരു കൊലപാതകത്തെ കണ്ട നാല് ദൃക്‌സാക്ഷികൾ, പരസ്പര വിരുദ്ധമായി സംഭവത്തെ വിവരിക്കുന്നതിൽ നിന്ന് വികസിപ്പിച്ചെടുത്തതാണ്. ഇത്തരത്തിൽ കഥയെ വിവരിക്കുന്ന ഒരുപാട് ഇന്ത്യൻ സിനിമകൾ 'റാഷമോണ്‍ എഫക്‌ടി'ലൂടെ നിർമിച്ചിട്ടുണ്ട്. അവയിൽ എടുത്തുപറയേണ്ടതാണ് ഏതാനും തമിഴ് ചിത്രങ്ങളും.
1954ൽ എസ്. ബാലചന്ദറിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ശിവാജി ഗണേശൻ ചിത്രം 'അന്ത നാളി'ൽ ശിവാജി ഗണേശനവതരിപ്പിച്ച രാജന്‍റെ മരണം കഥാപശ്ചാത്തലമാകുന്നു. വെടിയേറ്റ് മരിക്കുന്ന രാജന്‍റെ മരണം കുടുംബാംഗങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനോട് വിവരിക്കുന്നതാണ് കഥ.
കമൽഹാസൻ സംവിധാനം ചെയ്‌ത 'വിരുമാണ്ടി'യിൽ അഭിരാമി വേഷമിട്ട അന്നലക്ഷ്മിയുടെ കൊലപാതകം പ്രമേയമാകുന്നു. അന്നയുടെ മരണത്തെ വിരുമാണ്ടിയായി വേഷമിട്ട കമൽ ഹാസനും 'കൊത്താല തേവ'രായി പശുപതിയും ഒരു റിപ്പോർട്ടർക്ക് മുൻപിൽ വിവരിക്കുന്നത് പരസ്‌പരവിരുദ്ധമായാണ്. 2004ൽ പുറത്തിറങ്ങിയ ചിത്രത്തിൽ റാഷമോണിന്‍റെ സ്വാധീനം എടുത്തറിയാം.
2016ൽ തിയേറ്ററിലെത്തിയ കാർത്തിക് നരേൻ സംവിധാനം ചെയ്‌ത 'ധ്രുവങ്കൾ പതിനാറി'ൽ റാഷമോൺ എഫക്‌ട് പ്രകടമാണെന്ന് സിനിമാനിരീക്ഷകർക്കിടയിൽ പരക്കെ ചർച്ച ചെയ്യപ്പെടുന്നു.