ചെന്നൈ: കൊവിഡ് എന്ന ആഗോള മഹാമാരിക്കെതിരെ പോരാടുന്നതിനായി മനുഷ്യന്‍റെ സാധാരണജീവിതം സ്തംഭിപ്പിക്കേണ്ടി വന്നു. ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളും നിശ്ചലമാക്കി. ലോക്ക് ഡൗണിൽ സിനിമാ പ്രദർശനശാലകളെല്ലാം അടച്ചുപൂട്ടി. സ്ഥിതിഗതികൾ പഴയപടിയാകുന്നത് വരെ, പലചരക്ക് വ്യാപാരത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് തമിഴ് സംവിധായകൻ ആനന്ദ്. പത്ത് വര്‍ഷമായി തമിഴ് സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദ് സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ച് സുഹൃത്തിന്‍റെ കെട്ടിടം വാടകയ്‌ക്കെടുത്താണ് പലചരക്ക് വ്യാപാരം ആരംഭിച്ചത്. ചെന്നൈ മൗലിവക്കത്താണ് സംവിധായകന്‍റെ കച്ചവടം.
"ലോക്ക് ഡൗണ്‍ സമയത്ത് താന്‍ വീടിനുള്ളില്‍ വെറുതെ ഇരിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ പലചരക്ക് കടകളും അത്യാവശ്യസാധനങ്ങളുടെ വ്യാപാരവും മാത്രമാണ് പ്രവർത്തിക്കാൻ അനുവദിക്കുന്നതെന്ന് അറിഞ്ഞു. ഇതോടെയാണ് കട തുടങ്ങാന്‍ തീരുമാനിച്ചത്," ആനന്ദ് പറഞ്ഞു. ജനങ്ങളുടെ ഭയവും ആശങ്കയും മാറുന്നതു വരെ ഈ വര്‍ഷം സിനിമ മേഖല വീണ്ടും പ്രവർത്തനക്ഷമമാകുമെന്നതിൽ സാധ്യത കുറവാണ്. മാളുകളും പാര്‍ക്കുകളും ബീച്ചുകളും തുറന്നതിന് ശേഷം മാത്രമേ തിയേറ്ററുകളും പ്രവർത്തനമാരംഭിക്കുകയുള്ളൂ. അതിനാലാണ് അരി, എണ്ണ തുടങ്ങിയ പലചരക്ക് സാധനങ്ങളുടെ വിൽപനയിലേക്ക് താൻ കടന്നതെന്നും സംവിധായകൻ പറയുന്നു. വീണ്ടും തിയേറ്ററുകൾ തുറന്നുപ്രവർത്തിച്ച് തങ്ങള്‍ക്ക് കരിയര്‍ ഉണ്ടാകുന്നത് വരെ താൻ ഈ പലചരക്ക് കടയില്‍ തന്നെയുണ്ടാകുമെന്നും ആനന്ദ് വ്യക്തമാക്കുന്നു. ഒരു മഴൈ നാങ്കു സാരല്‍, മൗന മഴൈ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആനന്ദ്. പുതിയ ചിത്രം തുന്നിന്ത് സെയ്യുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.