ചെന്നൈ: കനേഡിയൻ സീരിയൽ കില്ലർ ബ്രൂസ് മക്അർതറുടെ ഇരകളായവരുടെ ചിത്രങ്ങളുപയോഗിച്ചതിന് തമിഴ് ചിത്രം 'മാഫിയ ചാപ്‌റ്റർ 1' സ്‌കാനിങ്ങിന് വിധേയമാക്കണമെന്ന് ആമസോൺ പ്രൈം വീഡിയോ. തമിഴകത്തിലെ ശ്രദ്ധേയ സംവിധായകൻ കാർത്തിക് ആര്യൻ സംവിധാനം ചെയ്‌ത മാഫിയ കഴിഞ്ഞ ഫെബ്രുവരിയിലാണ് റിലീസ് ചെയ്‌തത്. അർജുൻ വിജയ് പൊലീസ് വേഷത്തിലെത്തിയ ചിത്രത്തിൽ ബ്രൂസ് മക്അർതർ കൊലപ്പെടുത്തിയ എട്ട് ആളുകളിൽ അഞ്ച് പേരുടെ ചിത്രങ്ങൾ ഉപയോഗിച്ചുവെന്നാണ് ആരോപണം. മാഫിയ ആമസോൺ പ്രൈം കാനഡയിൽ സംപ്രേക്ഷണം ചെയ്‌ത് തുടങ്ങിയതോടെയാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ പരാതിയുമായി എത്തിയത്. ചിത്രത്തിനെതിരെ പരാതി ലഭിച്ചതോടെ ഉടനടി നടപടിയെടുത്തതായും ഇത് ചിത്രത്തിന്‍റെ അണിയറപ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടന്നും ആമസോൺ അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുബത്തോട് ക്ഷമാപണം നടത്തിയ മാഫിയയുടെ നിർമാതാക്കൾ ലോക് ഡൗൺ അവസാനിച്ചതിന് ശേഷം ചിത്രങ്ങൾ മങ്ങിപ്പിച്ച് പ്രദർശിപ്പിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. 2010 മുതൽ ഏഴ് വർഷം വരെ എട്ട് പേരെ കൊന്ന സീരിയൽ കില്ലർ ബ്രൂസ് മക്അർതറിനെ 2019ൽ കോടതി ജീവപര്യന്ത ശിക്ഷയ്‌ക്ക് വിധിച്ചിരുന്നു. ത്രില്ലർ ചിത്രമാക്കി ഒരുക്കിയ മാഫിയയിലെ രംഗങ്ങളിൽ ബ്രൂസ് കൊലപ്പെടുത്തിയ ആളുകളുടെ ചിത്രം ബ്ലർ ചെയ്യാതെയാണ് ഉപയോഗിച്ചിരിക്കുന്നത്.