നടന്‍ പൊന്നമ്പലത്തിന്‍റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് കമല്‍ഹാസന്‍. കിഡ്‌നി രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന പൊന്നമ്പലത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സഹായവുമായി കമല്‍ഹാസന്‍ എത്തിയത്. കമലിന്‍റെ സഹായികള്‍ ആശുപത്രിയുമായി ബന്ധപ്പെടുന്നുണ്ട്. സ്റ്റണ്ട് മാന്‍ ആയി സിനിമയിലെത്തിയ താരം കമല്‍ഹാസന്‍റെ 'അപൂര്‍വ്വ സഹോദരങ്ങള്‍' എന്ന സിനിമയിലൂടെയാണ് നടനായി വേഷമിട്ടത്.
വില്ലന്‍ വേഷങ്ങളിലൂടെയാണ് സിനിമാരംഗത്ത് പൊന്നമ്പലം ശ്രദ്ധേയനായത്. രജനീകാന്ത്, വിജയ്, അജിത്ത് തുടങ്ങിയ താരങ്ങളുടെ നിരവധി സിനിമകളില്‍ ഇദ്ദേഹം വില്ലനായി വേഷമിട്ടിട്ടുണ്ട്. മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജയംരവി ചിത്രം കോമാളിയാണ് അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. കമല്‍ഹാസന്‍ അവതാരകനായ ബിഗ് ബോസ് തമിഴിന്‍റെ സീസണ്‍ 2വിലും പൊന്നമ്പലം മത്സരാര്‍ഥിയായിരുന്നു.