മലയാള സിനിമയടക്കം കണ്ടുപഠിക്കേണ്ട വിപ്ലവമാണ് തമിഴിൽ മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്ന് നിർമിക്കുന്ന 'നവരസ'. താരങ്ങളും അണിയറപ്രവർത്തകരും ഒരു പ്രതിഫലവും വാങ്ങാതെ സൗജന്യമായി പ്രവർത്തിച്ചുകൊണ്ട്, കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാത്തൊഴിലാളികള്‍ക്ക് കൈത്താങ്ങാവുകയാണ് ഇവിടെ.
ആന്തോളജിയുടെ നെറ്റ്‌ഫ്ലിക്‌സ് റിലീസിലൂടെ ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ ഫെപ്സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കാനാണ് തീരുമാനം.
തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും സംവിധായകരുമാണ് നവരസയുടെ ഭാഗമാകുന്നത്. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം തുടങ്ങി ഒൻപത് രസങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഒൻപത് ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമാണ് ഗൗതം മേനോന്‍റെ 'ഗിത്താര്‍ കമ്പി മേലെ നിന്ദ്രു'.
സൂര്യയും പ്രയാഗ മാർട്ടിനും പ്രണയ ജോഡിയായ ഗൗതം മേനോൻ ചിത്രം
പ്രണയചിത്രത്തിൽ സൂര്യക്കൊപ്പം ജോഡിയാവുന്നത് മലയാളി താരം പ്രയാഗ മാർട്ടിനാണ്. ഒരിടവേളക്ക് ശേഷം സൂര്യയും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. നവരസ ആന്തോളജിയിൽ നിന്നും പുറത്തിറങ്ങുന്ന ആദ്യ ഗാനം കൂടിയാണിത്. 'തൂരിഗാ എൻ തൂരിഗാ' എന്ന ഗാനത്തിന്‍റെ ഈണം രചിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും കാര്‍ത്തിക് ആണ്. പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മദൻ കർക്കിയാണ് പ്രണയഗാനത്തിന്‍റെ വരികൾ ഒരുക്കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
വാരണം ആയിരം പോലുള്ള സൂര്യ- ഗൗതം മേനോൻ ചിത്രങ്ങളിലെ കാർത്തിക്കിന്‍റെ ഗാനങ്ങൾ എവർഗ്രീൻ റൊമാന്‍റിക് ഹിറ്റുകളായിരുന്നു. ഗിത്താര്‍ കമ്പി മേലെ നിന്ദ്രുവിലെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നത് പി.സി ശ്രാറാമും എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ആന്‍റണിയുമാണ്.
More Read: എതിരിയും ഇൻമയും പായസവും ചേർന്ന 'നവരസ'; ഒമ്പത് രസങ്ങളുടെ ഫസ്റ്റ് ലുക്ക് പുറത്ത്
നവരസയിലെ മറ്റ് എട്ട് സംവിധായകർ പ്രിയദര്‍ശന്‍, സർജുൻ, അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാർ, കാർത്തിക് നരേൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് എന്നിവരാണ്. കാർത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന സമാധാനത്തിൽ ഗൗതം വാസുദേവ് മേനോൻ കേന്ദ്രകഥാപാത്രമാകുന്നുമുണ്ട്. ഓഗസ്റ്റ് ആറിനാണ് നവരസയുടെ റിലീസ്.