കളിയാട്ടം, അശ്വാരൂഢൻ ചിത്രങ്ങൾക്ക് ശേഷം ജയരാജും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് അത്ഭുതം. നീണ്ട 15 വർഷത്തെ ഇടവേളക്ക് ശേഷം സംവിധായകൻ- നടൻ കൂട്ടുകെട്ട് ആവർത്തിക്കുന്ന മലയാളചിത്രം ഒടിടിയിലൂടെ റിലീസിനെത്തുന്നു. റൂട്ട്സ് എന്‍റർടെയ്ൻമെന്‍റ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം നാളെ വിഷുദിനത്തിൽ പ്രദർശനം ആരംഭിക്കും. ഹാസ്യം, രൗദ്രം, വീരം, ഭയാനകം തുടങ്ങിയ നവരസ സീരീസിലെ മറ്റൊരു ചിത്രമാണ് അത്ഭുതം.
- " class="align-text-top noRightClick twitterSection" data="">
സുരേഷ് ഗോപി, മംമ്ത മോഹൻദാസ്, കെപിഎസി ലളിത, കാവാലം ശ്രീകുമാർ എന്നിവർ നിർണായകവേഷങ്ങൾ ചെയ്ത ചിത്രം ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചിട്ടുണ്ട്. രണ്ട് മണിക്കൂർ 14 മിനിറ്റിൽ ചിത്രീകരണം പൂർത്തിയാക്കിയ മുഴുനീള ചലച്ചിത്രമെന്ന റെക്കോഡാണ് അത്ഭുതം സൃഷ്ടിച്ചത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ 2005 ഡിസംബർ 13നായിരുന്നു സിനിമ ഷൂട്ട് ചെയ്തത്. നിരവധി വിദേശിതാരങ്ങളും അറുപതോളം കലാകാരന്മാരും ഒത്തുചേർന്ന് ചുരുങ്ങിയ സമയം കൊണ്ട് എടുത്ത സിനിമക്കായി ഏഴ് ദിവസത്തെ പരിശീലനവുമുണ്ടായിരുന്നു. എസ്. കുമാറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകൻ.
ഇന്ത്യൻ- ഇംഗ്ലീഷ് നാടകകലാകാരനായ കഥാനായകൻ രോഗശയ്യയിലാവുന്നു. പിന്നീട്, ദയാവധത്തിനായി കോടതിയുടെ അംഗീകാരം ലഭിക്കുന്നതും ദയാവധത്തിന്‍റെ ദിവസം രാവിലെ ഒമ്പത് മണി മുതൽ പതിനൊന്നര വരെ ആശുപത്രിയിൽ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.