കേന്ദ്ര നയങ്ങള്‍ക്കെതിരെ പൊരുതുന്ന രാജ്യത്തെ കർഷക സമരം ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. പോപ്പ് താരങ്ങളടക്കം കര്‍ഷക പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സച്ചിന്‍, അക്ഷയ്‌കുമാര്‍ അടക്കമുള്ള താരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്‌ക്കുകയും പാശ്ചാത്യര്‍ വിഷയത്തില്‍ ഇടപെടുന്നതില്‍ എതിര്‍പ്പ് പ്രകടമാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ എതിർപ്പുകളിൽ പ്രതികരിച്ച് തെന്നിന്ത്യയില്‍ നിന്നും നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. പാ.രഞ്ജിത്ത്, നടന്‍ സിദ്ധാര്‍ഥ്, ജി.വി പ്രകാശ് കുമാര്‍, സലിംകുമാര്‍, മിഥുന്‍ മാനുവല്‍ തോമസ്, ജൂഡ് ആന്‍റണി എന്നിവരെല്ലാം ഒറ്റ സ്വരത്തില്‍ പറയുന്നത് 'അന്നും ഇന്നും എന്നും കര്‍ഷകര്‍ക്കൊപ്പമായിരിക്കു'മെന്നാണ്.
നായകന്മാരെ വിവേകത്തോടെ തെരഞ്ഞെടുക്കണമെന്നും അല്ലെങ്കിൽ അവർ വീഴുന്നത് കാണേണ്ടി വരുമെന്നുമാണ് സിദ്ധാർഥ് ട്വിറ്ററില്‍ കുറിച്ചത്. കര്‍ഷക സമരത്തെ എതിര്‍ക്കുന്ന സച്ചിന്‍റെ നിലപാടിനെ ട്രോളുകയായിരുന്നു ട്വീറ്റിലൂടെ സിദ്ധാര്‍ഥ്. 'നിങ്ങളുടെ ഹീറോയെ വിവേകത്തോടെ തെരഞ്ഞെടുക്കുക. അല്ലെങ്കിൽ അവർ ഉന്നതങ്ങളിൽ നിന്ന് വീഴുന്നത് കാണേണ്ടി വരും. വിദ്യാഭ്യാസം, ദീനാനുകമ്പ, സത്യസന്ധത, കുറച്ചെങ്കിലും നട്ടെല്ല്... അത്രയുമുണ്ടായിരുന്നെങ്കിൽ ഇവർ രക്ഷപ്പെട്ടേനെ. ഒരു കാര്യത്തിലും നിലപാടെടുക്കാത്ത കരുത്തരായ ചിലർ പെട്ടെന്ന് ഒരേ ശബ്ദത്തിലും താളത്തിലും പാടാനും ഒരേ പാതയിൽ സഞ്ചരിക്കാനും തുടങ്ങുന്നതിനെയാണ് പ്രൊപ്പഗാന്‍ഡ എന്ന് പറയുന്നത്. നിങ്ങളുടെ പ്രൊപ്പഗാന്‍ഡ ഏതെന്ന് തിരിച്ചറിയുക...' സിദ്ധാർഥ് ട്വീറ്റ് ചെയ്‌തു. 'കര്‍ഷക സമരത്തിനൊപ്പം അന്നും ഇന്നും എന്നും' എന്നാണ് ജൂഡ് ആന്‍റണി ജോസഫ് കുറിച്ചത്.
കര്‍ഷകരുടെ നിലനില്‍പ്പ് താങ്ങുവിലയെ ആശ്രയിച്ചാണെന്നാണ് പാ രഞ്ജിത്ത് ട്വീറ്റ് ചെയ്‌തത്. ഇക്കാര്യം സമരത്തെ വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണമെന്നും പാ രഞ്ജിത്ത് കുറിച്ചു. 'നമ്മള്‍ കര്‍ഷകര്‍ക്കൊപ്പമാണ്. അതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കര്‍ഷകര്‍ സമരം ചെയ്യുന്നതിനെ നമ്മള്‍ പിന്തുണക്കുന്നു. കര്‍ഷക സമരത്തെ ചോദ്യം ചെയ്യുന്നവര്‍ ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി. കര്‍ഷകരുടെ നിലനില്‍പ്പ് താങ്ങുവിലയെ ആശ്രയച്ചാണെന്ന്' എന്നാണ് പാ.രഞ്ജിത്ത് ട്വീറ്റ് ചെയ്‌തത്. 'ഉത്തരവാദിത്വമുള്ള വ്യക്തികള്‍ എന്ന നിലയ്ക്ക് ആരാണ് കര്‍ഷകരെ പിന്തുണയ്ക്കുന്നതെന്നും... അല്ലാത്തതെന്നും നമ്മള്‍ മനസിലാക്കണം. സമരത്തെ പിന്തുണയ്ക്കുന്നവരെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ നിലനില്‍പ്പിനെ കുറിച്ച് അവരുടെ നിലപാട് അതില്‍ നിന്നും വ്യക്തമായി' എന്നും പാ.രഞ്ജിത്ത് ട്വീറ്റ് ചെയ്‌തിരുന്നു.
പുതിയ നിയമങ്ങൾ അംഗീകരിക്കാൻ കർഷകരെ നിർബന്ധിക്കുന്നത് ആത്മഹത്യാപരമാണെന്ന് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് ട്വിറ്ററിൽ കുറിച്ചു. 'പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സർക്കാർ ജനങ്ങളുടെ താൽപര്യമാണ് സംരക്ഷിക്കേണ്ടത്... പുതിയ നിയമങ്ങൾ അംഗീകരിക്കാൻ കർഷകരെ നിർബന്ധിക്കുന്നത് ആത്മഹത്യാപരമാണ്. ജനങ്ങൾ അവരുടെ അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്നത് ജനാധിപത്യമാണ്' എന്നായിരുന്നു ജി.വി പ്രകാശ് കുമാറിന്‍റെ ട്വീറ്റ്. 'എന്നും കതിര് കാക്കുന്ന കർഷകർക്കൊപ്പം' എന്നാണ് സലിംകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
'അമേരിക്കയിൽ വർഗീയതയുടെ പേരിൽ ഒരു വെളുത്തവൻ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലുന്ന കറുത്തവനായ ജോർജ് ഫ്ലോയിഡിന്‍റെ ദയനീയ ചിത്രം മനസാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്‍റെയും ഉള്ള് പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വർഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തിൽ നമ്മൾ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാൽ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്‍റെ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം എന്നും പറഞ്ഞില്ല. പകരം ലോക പ്രതിഷേധത്തെ അവർ ഇരുകൈയും നീട്ടി സ്വാഗതം ചെയ്‌തു. അത് കൂടാതെ അമേരിക്കൻ പൊലീസ് മേധാവി മുട്ടുകാലിൽ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മൾ കണ്ടു. അമേരിക്കകാർക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രേറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോൾ നമ്മൾ ഭാരതീയർക്ക് നഷ്ടപെട്ടത്. പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചിരിക്കും. അതിന് രാഷ്ട്ര വരമ്പുകൾ ഇല്ല, രാഷ്ട്രീയ വരമ്പുകളില്ല, വർഗ വരമ്പുകളില്ല, വർണ്ണ വരമ്പുകളില്ല....' എന്നാണ് സലിംകുമാര്‍ കുറിച്ചത്.
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ നവംബർ അവസാനം മുതൽ പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് ഡല്‍ഹി അതിർത്തിയിൽ പ്രതിഷേധിക്കുന്നത്. ഇതിനിടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലും കർഷക പ്രതിഷേധം ചർച്ചയാകുകയും കായിക, സിനിമാ സാംസ്‌കാരിക പ്രവർത്തകർ ഒറ്റക്കെട്ടായി കർഷകർക്ക് പിന്തുണയുമായെത്തിയത്.