സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്‌ത സൂരരൈ പോട്രിനായി വലിയ കാത്തിരിപ്പിലാണ് ആരാധകർ. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിതം തിരശ്ശീലയിലെത്തിക്കുന്ന സൂരരൈ പോട്ര് നാളെയാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. മലയാളത്തിന്‍റെ പ്രിയനടി അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.
തമിഴകത്തിന്‍റെ പ്രിയനടൻ സൂര്യയുടെ 38-ാം ചലച്ചിത്രത്തിന്‍റെ തിരക്കഥാ രചന സംവിധായിക സുധാ കൊങ്ങരയും ശാലിനി ഉഷയും ചേർന്നാണ്. ഉർവശി, ജാക്കി ഷ്‌റോഫ്, സമ്പത് രാജ്, കരുണാസ്, പരേഷ് റാവല്‍, മോഹൻ ബാബു, അച്യുത് കുമാർ, വിവേക് പ്രസന്ന എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഇതിനകം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജി.വി പ്രകാശാണ്. വിവേകിന്‍റേതാണ് വരികൾ. സതീഷ് സൂര്യ എഡിറ്റിങ്ങ് നിർവഹിക്കുന്ന ബയോപിക്കിൽ നികേത് ബൊമി റെഡ്ഡിയാണ് ഛായാഗ്രഹകൻ. 2ഡി എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെയും സീഖ്യാ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെയും ബാനറിൽ നടൻ സൂര്യ തന്നെയാണ് ചിത്രത്തിന്‍റെ നിർമാതാവ്. ഇന്ത്യൻ സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥനായ ഗോപിനാഥിന്‍റെ ജീവിതകഥ മുമ്പ് സിംപ്ലി ഫ്ലൈ എന്ന പുസ്‌തകമായും പ്രസിദ്ധീകരിച്ചിട്ടുണ്ട്.