തിരുവനന്തപുരം: പ്രശസ്ത ഗായകൻ എം.എസ് നസീം അന്തരിച്ചു. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വർഷമായി കിടപ്പിലായിരുന്നു. നാടകങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയനായ നസീം നിരവധി സിനിമകളിലും നാടകങ്ങളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു. 1987ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു.
പതിനൊന്നാം വയസില്‍ കമുകറ പുരുഷോത്തമന്‍റെ ഒരു ഗാനം പാടിക്കൊണ്ടാണ് നസീം സംഗീതലോകത്തേക്ക് എത്തുന്നത്. ദൂരദര്‍ശന്‍, ആകാശവാണി എന്നിവയ്ക്കായി ആയിരത്തില്‍പ്പരം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ ഗസല്‍ ആല്‍ബം പൂര്‍ത്തിയാക്കിയത് നസീമാണ്. നാലുതവണ ഏറ്റവും മികച്ച ഗായകനുള്ള മിനി സ്‌ക്രീന്‍ അവാര്‍ഡ്, കമുകറ ഫൗണ്ടേഷന്‍ പുരസ്‌കാരം, അബുദാബി മലയാളി സമാജ അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്. ഷാഹിദയാണ് ഭാര്യ, നാദിയ, ഗീത് എന്നിവരാണ് മക്കള്‍. സംസ്‌കാരം വൈകിട്ട് നാലിന് പള്ളിപ്പുറം ജുമാ മസ്ജിദില്‍ നടക്കും.