ഒന്നിന് പുറകെ ഒന്നായി വിവാദങ്ങള്‍ക്ക് തിരികൊളുത്തി യുവതാരം ഷെയ്ന്‍ നിഗം. നവാഗത സംവിധായകന്‍ ശരത് മേനോന്‍ ഒരുങ്ങുന്ന പുതിയ ചിത്രം വെയിലുമായി ഷെയ്ന്‍ സഹകരിക്കുന്നില്ലെന്ന വാര്‍ത്തകള്‍ നിലനില്‍ക്കെ മുടിയും താടിയും വെട്ടി പുതിയ ലുക്കില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് യുവതാരം. നിമിഷനേരം കൊണ്ടാണ് താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
വെയിലില്‍ മുടിനീട്ടി വളര്‍ത്തിയ ഗെറ്റപ്പാണ് ഷെയ്നിന്. എന്നാല്‍ കുറച്ചുനാള്‍ മുമ്പ് കുര്‍ബാനി എന്ന മറ്റൊരു ചിത്രത്തിനായി പിന്‍വശത്തുനിന്നും അല്‍പ്പം മുടി താരം മുറിച്ചിരുന്നു. ഇതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഷെയ്ന്‍ മനപ്പൂര്‍വ്വം വെയിലിന്‍റെ ചിത്രീകരണം മുടക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ചിത്രത്തിന്‍റെ നിര്‍മാതാവ് ജോബി ജോര്‍ജ് രംഗത്തെത്തി. ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയതായി ഷെയ്നും ആരോപിച്ചിരുന്നു. പിന്നീട് താരസംഘടനയായ അമ്മ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
പ്രശ്നം ഒത്തുതീര്‍പ്പാക്കി ഒരാഴ്ച പിന്നിട്ടപ്പോഴാണ് ഷെയ്ന്‍ ചിത്രവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് രണ്ടാമതും വെയിലിന്‍റെ സംവിധായകന്‍ ശരത്ത് രംഗത്തെത്തിയത്. താന്‍ സഹകരിക്കാതിരുന്നിട്ടില്ലെന്നും മാനസികമായി തന്നെ സംവിധായകന്‍ തളര്‍ത്തിയതുകൊണ്ടാണ് വിട്ടുനില്‍ക്കുന്നതെന്നും ഷെയ്ന്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് തന്‍റെ മുടിയും താടിയും മുഴുന്‍ വെട്ടി പുതിയ ലുക്കില്‍ ഷെയ്ന്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പകപോക്കുകയാണോ....? എന്ന തരത്തിലാണ് ചിത്രത്തിന് ലഭിക്കുന്ന ആരാധകരുടെ കമന്‍റുകള്‍. എന്തായാലും ഷെയ്നിന്‍റെ പുതിയ ലുക്ക് സിനിമാമേഖലയില്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചിട്ടുണ്ട്.