യുവതാരം ഷെയ്ന്‍ നിഗത്തിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ താരങ്ങളും അണിയറപ്രവര്‍ത്തകും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുകയാണ്. ഷെയ്‌നിനെ പോലൊരു കലാകാരനെ വിലക്കാന്‍ ഒരു സംഘടനക്കും ആവിലെന്നാണ് നടന്‍ ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. നായകനായി ജീവിച്ച് കളയാം എന്ന മോഹവുമായി സിനിമയെ സമീപിക്കുന്ന ആയിരങ്ങളില്‍ ഒരാളായിട്ടല്ല താന്‍ ഷെയ്‌നിനെ കാണുന്നതെന്നും അച്ചടക്കത്തിന്‍റെ ലോകത്തേക്ക് ചുരുങ്ങുക ശരിയായ കലാകാരന്മാര്‍ക്ക് വലിയ വെല്ലുവിളിയാണെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. അന്നയും റസൂലും എന്ന ചിത്രത്തില്‍ തന്‍റെ മകനായി ഷെയ്ന്‍ അഭിനയിച്ചപ്പോഴുള്ള അനുഭവവും കുറിപ്പിനൊപ്പം ജോയ് മാത്യു ചേര്‍ത്തിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
അതേസമയം വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എഴുത്തുകാരനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയും രംഗത്തെത്തിയിട്ടുണ്ട്. അഭിനയം പോലെ സുപ്രധാനമാണ് ഒരു നടന്‍ പാലിക്കേണ്ട അച്ചടക്കമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയരായ നടന്മാരില്‍ ഒരാളാണ് ഷെയ്ന്‍ എന്ന കാര്യത്തില്‍ തനിക്ക് തകര്‍ക്കമില്ലെന്നും എന്നാല്‍ കഥാപാത്രത്തിന്‍റെ അപ്പിയറന്‍സില്‍ മാറ്റം വരുത്തിയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി താരങ്ങളും സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഷെയ്‌നിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നുണ്ട്.
അതേസമയം നിര്‍മാതാക്കളുടെ സംഘടന ഉപേക്ഷിക്കുമെന്ന് പറഞ്ഞ കുര്‍ബാനി, വെയില്‍ എന്നീ രണ്ട് സിനിമകളും പൂര്‍ത്തിയാക്കണമെന്നും ചിത്രങ്ങള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡയറക്ടേഴ്സ് യൂണിയൻ ഫെഫ്ക്കയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഷെയ്ൻ നിഗത്തിന്‍റെ ഭാഗത്തുനിന്ന് മര്യാദകേടുണ്ടായിട്ടുണ്ട്. നടനെ തിരുത്താൻ സംവിധായകർക്കും നിർമാതാക്കൾക്കും ബാധ്യതയുണ്ട്. അതിനുളള അവസരം നല്‍കണമെന്നും ഡയറക്ടേഴ്സ് യൂണിയൻ കത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സമവായ ചർച്ചകൾ വേണമെന്നാവശ്യപ്പെട്ട് ഫെഫ്‌ക കത്തുനൽകുമെന്നാണ് റിപ്പോര്‍ട്ട്. സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മക്കും പ്രെഡ്യൂസേഴ്സ് അസോസിയേഷനുമാകും ഫെഫ്‌ക കത്ത് നൽകുക. ഇക്കാര്യത്തില്‍ ഈ മാസം അഞ്ചിന് സമവായ ചർച്ചകൾ നടത്തുന്നതും പരിഗണനയിലുണ്ട്. അമ്മ പ്രതിനിധികൾ ആദ്യം ഷെയ്നുമായി പ്രാഥമിക ചർച്ച നടത്തും. ഇതിനുശേഷമാകും മറ്റ് സംഘടനകളുമായുളള ഒത്തുതീർപ്പ് ചർച്ചയെന്നാണ് റിപ്പോര്‍ട്ട്.