എറണാകുളം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ഹാരിസ് എന്ന ബ്യൂട്ടീഷനെയാണ് ബ്ലാക്ക് മെയിൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മുഖ്യ ആസൂത്രകനാണ് ഇയാൾ. ഷംനയുടെ നമ്പർ മുഖ്യപ്രതി ഷരീഫിന് നൽകിയത് ഹാരിസ് ആണ്. കേസിൽ മൂന്നു പേർ കൂടി ഇനിയും പിടിയിലാകാനുണ്ട്.
പ്രതികൾ സ്വർണ്ണക്കടത്തിനായി ചില താരങ്ങളെ സമീപിച്ചതായും സൂചനകൾ ഉണ്ട്. ഇതേ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ അറിയിച്ചു.
അതേ സമയം, കേസിൽ യുവതികൾ ഉൾപ്പടെയുള്ളവർ പ്രതികളാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു. കൊച്ചി ബ്ലാക്ക് മെയിൽ കേസിൽ തട്ടിപ്പിനിരയായി മോഡലിങ് രംഗത്തുള്ളവർ ഉൾപ്പടെ കൂടുതൽ യുവതികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.