ഇന്ന് രവീന്ദ്രൻ മാസ്റ്ററുടെ 78-ാം ജന്മദിനം. മലയാളിയുടെ ചുണ്ടിലൂടിന്നും മൂളികേൾക്കുന്ന ഒരു പിടി ക്ലാസിക് ടച്ചുള്ള ഗാനങ്ങൾ. പ്രമദവനം, സുഖമോ ദേവി, ഏഴുസ്വരങ്ങളും, രാമകഥാഗാനലയം, ദേവസഭാതലം, ഹരിമുരളീരവം, ഗംഗേ, ഘനശ്യാമമോഹന കൃഷ്ണാ തുടങ്ങിയ മലയാളികളുടെ എവർഗ്രീൻ ക്ലാസിക്ക് ഗാനങ്ങൾ സമ്മാനിച്ച രവീന്ദ്രൻ മാസ്റ്റർ ജനിച്ചത് 1943 ൽ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലാണ്. മാധവൻ രവീന്ദ്രൻ എന്നാണ് യഥാർഥ പേര്. മലയാളത്തിലും തമിഴിലുമായി ഏകദേശം നൂറ്റമ്പതോളം ഗാനങ്ങൾ മാസ്റ്ററുടെ സംഭാവനയാണ്.
അഴകേ നിന്‍, മൂവന്തി താഴ്‌വരയില്‍, തേനും വയമ്പും, ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കുന്ന, പത്തുവെളുപ്പിന്, ഒറ്റക്കമ്പിനാദം മാത്രം, ഒളിക്കുന്നുവോ തുടങ്ങിയ മെലഡികളും മാസ്റ്റർ ചിട്ടപ്പെടുത്തിയതാണ്. ഗായകനായി അധികം തിളങ്ങാൻ സാധിച്ചില്ലെങ്കിലും ഡബ്ബിങ്ങിലേക്കും പിന്നീട് സംഗീത സംവിധായകനായും തിളങ്ങി "തേനും വയമ്പും" കൊണ്ട് മലയാളസിനിമയിൽ രുചി ചേർത്ത ഈ അതുല്യപ്രതിഭ. ‘വെള്ളിയാഴ്ച’ എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി പിന്നണി ഗായകനായി. സംഗീത സംവിധായകനായിരുന്ന ബാബുരാജായിരുന്നു സിനിമയില്‍ പാടുവാന്‍ രവീന്ദ്രൻ മാസ്റ്ററിന് ആദ്യമായി അവസരം നല്‍കിയത്. തുടർന്ന് മുപ്പതോളം സിനിമകളിൽ പാടിയെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
എഴുപതുകളിൽ പ്രശസ്‌തനായിരുന്ന രവികുമാറിന് ശബ്‌ദം നൽകിയിരുന്നത് ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്ന രവീന്ദ്രൻ മാസ്റ്ററാണ്. 1979ൽ ‘ചൂള’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംഗീതസംവിധായകനായി തുടക്കം കുറിക്കുന്നതിന് വഴിയൊരുക്കിയത് ഗാനഗന്ധർവ്വൻ യേശുദാസാണ്. സത്യന്‍ അന്തിക്കാടിന്‍റെ ‘താരകേ മിഴിയിതളില്‍ കണ്ണീരുമായി’ എന്ന വരികൾക്കാണ് അദ്ദേഹം ഈണം പകർന്നത്. പിന്നീട് യേശുദാസിന്‍റെ എവർഗ്രീൻ മാസ്റ്റർപീസുകളായ ഹരിമുരളീരവം, ഗംഗേ ഗാനങ്ങളിലൂടെ ഇരുവരും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുക കൂടിയായിരുന്നു.
![ravindran master birth anniversary രവീന്ദ്രൻ മാസ്റ്ററുടെ ജന്മദിനം 78-ാം ജന്മദിനവാർഷികം രവീന്ദ്രൻ മാസ്റ്റർ Ravindran Master latest Ravindran Master birthday Ravindran Master anniverasary' seventy eighth birthday anniversary](https://etvbharatimages.akamaized.net/etvbharat/prod-images/5016175_rvndrn.jpg)