എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ നടന്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണ് കാരണം ബുധനാഴ്ച വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് മമ്മൂട്ടിയുടെ പേര് പട്ടികയിലില്ലെന്ന് കണ്ടെത്തിയത് . പനമ്പള്ളി നഗറിലെ സ്‌കൂളിലാണ് എല്ലാ തെരഞ്ഞെടുപ്പിനും താരം വോട്ട് ചെയ്യാന്‍ എത്താറുള്ളത്.
ഓരോ തെരഞ്ഞെടുപ്പിലും ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താറുള്ളയാളാണ് മമ്മൂട്ടി. ഒന്നാംഘട്ടത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കും ഇക്കുറി വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്ന അദ്ദേഹത്തിന്‍റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലായിരുന്നു.
മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദനും എ.കെ ആന്‍റണിയും ഇക്കുറി വോട്ട് ചെയ്‌തിട്ടില്ല. അനാരോഗ്യത്തെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വി.എസ് വോട്ട് ചെയ്യാനെത്താതിരുന്നത്. കൊവിഡ് ബാധിച്ചശേഷം ഡല്‍ഹിയിലെ വസതിയില്‍ വിശ്രമത്തിലാണ് എ.കെ. ആന്‍റണി.