അക്ഷരങ്ങൾക്ക് പൊന്നും വിലയിട്ട എഴുത്തുകാരൻ. സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരൻ കടന്നുവന്നതിന് പിന്നില്‍ അത്‌ഭുതങ്ങളില്ല. എല്ലാം യാദൃശ്ചികം മാത്രം... സിനിമ പോലെ തന്നെ ജീവിതവും... അതായിരുന്നു ഡെന്നിസ് ജോസഫ്.. സിനിമയെ ഭ്രാന്തമായി സ്നേഹിച്ച ഒരു പാട് സിനിമ പ്രവർത്തകരുടെ ജീവനും രക്തവും ആത്മാവും നിറഞ്ഞ പുസ്തകമാണ്.... നിറക്കൂട്ടുകളില്ലാതെ... തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് എന്ന് സ്ക്രീനില്‍ തെളിയുമ്പോൾ സംവിധായകനും നായകനും ഒപ്പം പ്രേക്ഷകർ കയ്യടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു...
ഈറൻ സന്ധ്യ മുതല്‍ ഗീതാഞ്ജലി വരെ, മലയാള സിനിമയ്ക്ക് ഡെന്നിസ് ജോസഫ് ആരാണെന്ന് ചോദിച്ചാല്‍ ഹിറ്റുകളുടെ മാത്രം രചയിതാവ് എന്ന് പറയേണ്ടി വരും. മമ്മൂട്ടിക്ക് വേണ്ടി ഇത്രയധികം ഹിറ്റ് സിനിമകൾ എഴുതിയ തിരക്കഥാകൃത്തുണ്ടാകില്ല. രാജാവിന്‍റെ മകനും ഭൂമിയിലെ രാജാക്കൻമാരും എഴുതുമ്പോൾ മോഹൻലാല്‍ മലയാള സിനിമയില്‍ സൂപ്പർ താരമായിരുന്നില്ല. മലയാള സിനിമയിലെ താരസങ്കല്‍പ്പങ്ങൾ മാറ്റി മറിച്ച നിറക്കൂട്ട് ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരന്‍റെ രണ്ടാമത്തെ മാത്രം സിനിമയായിരുന്നു എന്നതാണ് ഏറ്റവും കൗതുകം.
1985 മുതല്‍ 2013 വരെ ഡെന്നിസ് ജോസഫ് മലയാള സിനിമയില്‍ സജീവമായിരുന്നു. എഴുതിയതൊക്കെയും സൂപ്പർ ഹിറ്റ്. കഥ പറയാൻ വന്നയാൾ തിരക്കഥാകൃത്തും പിന്നെ മലയാള സിനിമയുടെ എല്ലാമെല്ലാമായ കഥയും സിനിമ പോലെ തന്നെ.. ജോഷി- ഡെന്നിസ് ജോസഫ്- മമ്മൂട്ടി ഇത്രയും മനോഹരമായ ഒരു കൂട്ടുകെട്ട് മലയാള സിനിമയില്‍ അപൂർവം. തിയേറ്ററുകളില്‍ പ്രേക്ഷകനെ പിടിച്ചിരുത്തിയ, നിർമാതാക്കൾക്ക് എന്നും പണക്കിലുക്കം സമ്മാനിച്ച ഒരു പിടി സിനിമകൾ. ന്യൂഡെല്‍ഹി എന്ന സിനിമ ജോഷിക്കും മമ്മൂട്ടിക്കും സമ്മാനിച്ചത് വെറും സൂപ്പർ താര പരിവേഷമല്ല, മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം എന്ന പദവി കൂടിയാണ്. വഴിയോരക്കാഴ്ചകൾ, സംഘം, മനു അങ്കിൾ, നായർ സാബ്, നമ്പർ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം, ഒളിയമ്പുകൾ, മഹാനഗരം, കിഴക്കൻ പത്രോസ്, ആകാശ ദൂത്, ഗാന്ധർവം, പാളയം, എഫ്ഐആർ അങ്ങനെ മലയാളി ഇന്നും മറക്കാത്ത, തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഒരു പിടി ചിത്രങ്ങൾ. മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല, സുരേഷ് ഗോപിയും മുരളിയും മനോജ്.കെ.ജയനുമെല്ലാം ആ തൂലികയില്‍ ആടിത്തിമിർത്തു. എഴുതിത്തീർക്കുമ്പോഴും മനു അങ്കിളും അഥർവവും അപ്പുവും അടക്കം അഞ്ച് സിനിമകൾ സംവിധാനം ചെയ്‌തും ഡെന്നിസ് ജോസഫ് എന്ന ഏറ്റുമാനൂരുകാരൻ മലയാളിക്ക് പ്രിയങ്കരനായി...
Also read: തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു