ബോക്‌സ് ഓഫീസിൽ ഹിറ്റാകുന്നതും പ്രേക്ഷകർ നിറകൈയടിയോടെ സ്വീകരിക്കുന്നതുമായ സിനിമകൾ പിന്നീട് രണ്ടും മൂന്നും അതിൽ കൂടുതലും ഭാഗങ്ങളാക്കി വീണ്ടും എത്താറുണ്ട്. കിരീടം, ഇൻ ഹരിഹർനഗർ പോലുള്ള മലയാള ചലച്ചിത്രങ്ങൾ അതിനുദാഹരണം. എന്നാൽ, കഥകൾ തുടർക്കഥയാകുന്നതുപോലെ കഥാപാത്രങ്ങളും ആവർത്തിക്കപ്പെടാറുണ്ട് സിനിമകളിൽ. മറ്റൊരു പശ്ചാത്തലത്തിൽ വ്യത്യസ്‌ത കഥാപാത്രങ്ങൾക്കൊപ്പം ചിലപ്പോൾ വ്യത്യസ്‌ത സംവിധായകരിൽ നിന്നായിരിക്കാം ഇങ്ങനെ കഥാപാത്രങ്ങൾ പുനസൃഷ്‌ടിക്കപ്പെടാറുള്ളത്. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർതാരങ്ങൾക്കാണ് ഏറ്റവും കൂടുതൽ സീരീസ് കഥാപാത്രങ്ങൾ ഉള്ളതും. കൂട്ടത്തിൽ ഹാസ്യകഥാപാത്രങ്ങളും യുവതാരങ്ങളും പുനർജനിച്ചിട്ടുണ്ട്.
നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ സിനിമകൾ സീരീസുകളല്ല, പകരം 'ദാസനും വിജയനും' എന്ന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചിറക്കിയ സിനിമകളാണ്. ബി.കോം ഫസ്റ്റ് ക്ലാസിൽ പാസായ ദാസനും (മോഹൻലാൽ) പി.ഡി.സി. തോറ്റ വിജയനും (ശ്രീനിവാസൻ). ‘ചക്ക വീണ് മുയൽ ചത്തു’ എന്ന് പറയുന്നത് പോലെയുള്ള ശിക്കാരി ശംഭു വേഷങ്ങൾ. കേരളത്തിലെ യുവാക്കളുടെ പ്രധാന പ്രശ്‌നമായ തൊഴിലില്ലായ്‌മയേയും ദാരിദ്ര്യത്തെയും വരച്ചുകാട്ടിയ നാടോടിക്കാറ്റും പട്ടണപ്രവേശവും സത്യൻ അന്തിക്കാടിന്‍റെ സംവിധാനത്തിലും മൂന്നാം ഭാഗം പ്രിയദർശന്‍റെ സംവിധാനത്തിലുമാണ് റിലീസ് ചെയ്‌തത്.
പൊലീസ് വേഷത്തിൽ മമ്മൂട്ടി കസറിയ എൺപതിലെയും തൊണ്ണൂറിലെയും രണ്ടായിരത്തിന് ശേഷവും റിലീസ് ചെയ്‌ത മൂന്ന് സിനിമകൾ. ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ബല്‍റാം വേഴ്‌സസ് താരാദാസ് എന്നീ ചിത്രങ്ങൾ കഥാപാത്രത്തിന്‍റെ തുടർച്ചയായിരുന്നു. ഇതിലെല്ലാം സൂപ്പർതാരത്തിന്‍റെ പേര് 'ഇന്‍സ്‌പെക്ടര്‍ ബല്‍റാം' എന്നായിരുന്നു.
വളരെ പ്രഗൽഭനായ സിബിഐ ഉദ്യോഗസ്ഥന്‍ 'സേതുരാമയ്യർ' നാലു സിനിമളിലാണ് ആവർത്തിച്ചത്. വൻ വിജയമായ ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര് സിബിഐ, നേരറിയാൻ സിബിഐ എന്നീ നാലു ചിത്രങ്ങളും വ്യത്യസ്‌ത കേസുകളുടെയും കഥാപാത്രങ്ങളുടെയും സാഹചര്യത്തിലായിരുന്നു അവതരിപ്പിച്ചത്.
മോഹൻലാൽ വീണ്ടും വീണ്ടും മേജറായെത്തിയ സിനിമകളായിരുന്നു കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്നിവ. മേജർ രവി സംവിധാനം ചെയ്‌ത ചിത്രങ്ങളിൽ ധീരനും സമർഥനുമായ 'മേജര്‍ മഹാദേവൻ' എന്ന പട്ടാള ഉദ്യോഗസ്ഥനായിരുന്നു സൂപ്പർതാരം.
കാലിഫോർണിയയിലേക്ക് ചരക്കു കേറ്റാൻ പോകുന്ന ഉരു, ദാസനും വിജയനും വേണ്ടി ദുബായി കടപ്പുറം വഴി തിരിച്ചു വിട്ടു, പക്ഷേ എത്തിയത് മദ്രാസ് പട്ടണത്തിലും. "അസലാമൂ അലൈക്കും," പറഞ്ഞ് നാടോടിക്കാറ്റിലെത്തിയ 'ഗഫൂർ കാ ദോസ്‌ത്' 2006-ൽ പ്രദർശനത്തിനെത്തിയ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലും ഇതിനും പത്ത് വർഷത്തിന് ശേഷം മരുഭൂമിയിലെ ആന എന്ന ചിത്രത്തിലും വന്നുപോയിട്ടുണ്ട്.
പുരാതനമായ ട്രിവാൻഡ്രം ലോഡ്‌ജും അതിലെ അന്തേവാസികളെയും അവരുടെ അടങ്ങാത്ത ലൈംഗിക മോഹങ്ങളുമൊക്കെ പ്രമേയമാക്കിയ ചിത്രമായിരുന്നു വി.കെ പ്രകാശ് ഒരുക്കിയ ട്രിവാൻഡ്രം ലോഡ്‌ജ്. ചിത്രത്തിൽ ആരും അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ഏജന്‍റുണ്ട്. 1987ലെ പത്മരാജൻ സിനിമയിലെ 'തങ്ങൾ'. തൂവാനത്തുമ്പികളിൽ ബാബു നമ്പൂതിരിയുടെ കഥാപാത്രമായ തങ്ങൾ എന്ന ദല്ലാളിലൂടെയാണ് ജയകൃഷ്ണൻ (മോഹൻലാൽ) ക്ലാരയെ പരിചയപ്പെടുന്നത്. മലയാളിക്ക് ബാബു നമ്പൂതിരി ഏറെ സുപരിചിതനായി മാറിയ വേഷം. ട്രിവാൻഡ്രം ലോഡ്‌ജിലും അതേപടി ജൂനിയർ ആർട്ടിസ്റ്റുകളെയും മറ്റും കീശയിലാക്കാൻ നോക്കുന്നുണ്ട് കക്ഷി.
"പണ്ട് ബിസ്‌കറ്റ് കച്ചവടം ആയിരുന്നു. ഇപ്പൊ കോണ്ട്രാക്റ്റ്, കൺസ്ട്രക്ഷൻ, ചിലപ്പോൾ പണിയും ചിലപ്പോൾ പൊളിക്കും," ഇരുപതാം നൂറ്റാണ്ടിണ്ട് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമല്ല 2009ൽ റിലീസ് ചെയ്‌ത 'സാഗർ ഏലിയാസ് ജാക്കി'. എന്നാൽ മോഹൻലാലിന്‍റെ കഥാപാത്രത്തെ അമൽ നീരദ് ഒന്നുകൂടി മിനുക്കി എടുത്തു പുതിയ ചിത്രത്തിനായി.
കാണികളെ പ്രകമ്പനം കൊള്ളിച്ച കിംഗിലെ 'ജോസഫ് അലക്‌സ്', അതുപോലെ പവർഫുൾ ഡയലോഗുകൾ തൊടുത്തുവിട്ട ദി കമ്മീഷണറിലെ ചൂടൻ പൊലീസ് 'ഭരത്ചന്ദ്രൻ ഐപിഎസ്'. ഇരുവരും ഒരേ ഉദ്യമത്തിനായി ഒന്നിച്ചെത്തി തിയേറ്ററുകളിൽ വിജയം കൊയ്‌ത ദി കിംഗ് ആന്‍റ് കമ്മീഷണർ ഒരു ഷാജി കൈലാസ് ചിത്രമായിരുന്നു.
രഞ്ജിത്ത് ശങ്കറെന്ന സംവിധായകനും ജയസൂര്യയും ഒന്നിച്ചെത്തിയ രണ്ട് ചിത്രങ്ങൾ, പ്രേതവും പ്രേതം 2വും. ആദ്യത്തെ ഭാഗത്തിൽ കഥ പൂർണമാണ്. അതിനാൽ തന്നെ അടുത്തതിൽ തുടർച്ച പറയേണ്ട ആവശ്യമില്ല. എന്നാൽ, യുവനിരക്കൊപ്പം പ്രേതത്തെയും അതിൽ നിന്നുള്ള പ്രശ്‌നങ്ങളെയും പരിഹരിക്കുന്ന 'ജോണ്‍ ഡോണ്‍ ബോസ്‌കോ' (ജയസൂര്യ) പ്രേതം 2വിലും അവതരിച്ചു. വേറൊരു കഥയും സാഹചര്യവും താരനിരയും ഒത്തിണക്കിയ ചിത്രത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ ഒരു ക്രിസ്‌തുമസ് റിലീസിനാണ് എത്തിയത്. മലയാളസിനിമയുടെ പ്രൗഢി വരിക്കാശ്ശേരി മനയും ചിത്രത്തിലുടനീളം നിറഞ്ഞു നിന്നു.
"ഗുണിക്കുമ്പോഴും ഹരിക്കുമ്പോഴും ഉത്തരം ശരിയായില്ലെങ്കിൽ ഒന്നുകൂടി ഗുണിച്ചും ഹരിച്ചും നോക്കുന്നതിൽ തെറ്റില്ലല്ലോ!" മണിച്ചിത്രത്താഴിലെ 'ഡോ.സണ്ണി'. ഫാസിൽ ചിത്രത്തിൽ ഏതാണ്ട് ഇടവേളയോട് അടുത്ത സമയത്ത് പ്രത്യക്ഷപ്പെടുന്ന ലാലേട്ടന്‍റെ മനോരോഗ വിദഗ്‌ദന്‍റെ കഥാപാത്രം പ്രിയദർശൻ ഒരുക്കിയ ഗീതാഞ്ജലിയിലും എത്തിയിട്ടുണ്ട്. മണിച്ചിത്രത്താഴ് പോലെ വലിയ വിജയം സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും മലയാളിക്ക് എന്നും പ്രിയപ്പെട്ട കഥാപാത്രത്തെ മറ്റൊരു കഥാതന്തുവിൽ ഒരിക്കൽ കൂടി പരീക്ഷിക്കുകയായിരുന്നു സംവിധായകൻ പ്രിയദർശൻ.
സിബി മലയിൽ ഒരുക്കിയ ആഗസ്റ്റ് 1. ചിത്രത്തിലെ 'പെരുമാൾ' (മമ്മൂട്ടി) കഥാപാത്രത്തെ അടിസ്ഥാനമാക്കി ഷാജി കൈലാസ് 2011ൽ ആഗസ്റ്റ് 15 എന്ന ചിത്രമൊരുക്കി. പുതിയ വില്ലനും സഹതാരങ്ങൾക്കും ഒപ്പമെത്തിയ പെരുമാളെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍റെ രണ്ടാം വരവ് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല.
മലയാളി പ്രേക്ഷകൾ ചാകരയാക്കിയ ഹാസ്യവേഷം, പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകന്‍റെ 'രമണൻ'. 19 വർഷം മുമ്പ് റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ വിരിഞ്ഞ രമണനും അദ്ദേഹത്തിന്‍റെ ബോട്ടിനും അദ്ദേഹം തന്നെ തുടർച്ച നൽകുന്നത് ഫഹദ് ഫാസിൽ- നമിതാ പ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നിർമിച്ച റോൾ മോഡൽസിലൂടെയാണ്. ഒപ്പം, രമണന്‍റെ മൊതലാളി കൊച്ചിൻ ഹനീഫയ്ക്ക് സ്മരണാഞ്ജലിയും നൽകുന്നുണ്ട് ചിത്രത്തിൽ. സമൂഹമാധ്യമങ്ങളും ട്രോളുകളും ആഘോഷിക്കുന്ന രമണനെ ഒരിക്കൽകൂടി എത്തിച്ചപ്പോൾ സിനിമയും രമണനുമൊക്കെ തിയേറ്ററുകളെ നിരാശരാക്കി. "മൊതലാളീ ചാകരാ" എന്നു വിളിച്ചുപറയുന്ന രമണനെ റോൾ മോഡൽസിൽ കിട്ടിയെന്ന് മാത്രമല്ല, രണ്ടാം അവതാരം പ്രേക്ഷകനെ ബോറടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
ട്രോളുകാരുടെ ഇഷ്‌ടതാരം ദശമൂലം ദാമുവിനെ വെള്ളിത്തിരയിൽ ഇനിയും കാണണമെന്നുള്ള ആരാധകരുടെ ആവശ്യത്തിൽ നിന്നും ചട്ടമ്പിനാടിന്‍റെ സംവിധായകൻ ഷാഫി തന്നെ പുനസൃഷ്‌ടിക്കുള്ള ഒരുക്കത്തിലാണ്. സൂപ്പർതാരത്തിന്‍റെ ചിത്രത്തിൽ ഹാസ്യ വേഷത്തിലെത്തിയ പേരെടുത്ത ഗുണ്ട ദാമുവിനെ സുരാജ് വെഞ്ഞാറമൂടാണ് അവതരിപ്പിച്ചത്. മലയാളിയെ വീണ്ടും ചിരിപ്പിക്കാൻ സുരാജ് ദാമുവിലൂടെ എത്തുമെന്ന് സംവിധായകൻ അറിയിച്ചിരുന്നു.
താരങ്ങളേക്കാൾ കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തപ്പെടുന്നുവെന്നതിന് ഉദാഹരണമാണ് ചെറുതും വലുതുമായി സിനിമകളിലെത്തുന്ന ഇത്തരം വേഷങ്ങളും അവരുടെ ആവർത്തനവും. സിനിമകൾ പരാജയപ്പെടുമ്പോഴും കഥാപാത്രങ്ങൾ പ്രേക്ഷകനെ ഏറെ സ്വാധീനിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.