റാപ്പര്‍ വേടനെ മധുവുമായി താരതമ്യപ്പെടുത്തിയ നടന്‍ ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് വിമര്‍ശനം. ലൈംഗിക അതിക്രമങ്ങളെ എങ്ങനെയാണ് നിസാരവല്‍ക്കരിക്കാന്‍ സാധിക്കുന്നതെന്നാണ് ഒരാള്‍ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടിയോട് ചോദിക്കുന്നത്.
'മൂന്നാം ലോകരാജ്യങ്ങളിലെ ലൈംഗിക ദാരിദ്ര്യം ഇനിയും ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ലൈംഗിക സ്വാതന്ത്ര്യമുള്ള പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ള മീടു പ്രഖ്യാപനങ്ങളും ലൈംഗിക ദാരിദ്ര്യം ഉള്ള ഇന്ത്യയിൽ നിന്നുള്ള മീടൂ ആരോപണങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. മധുവും വേടനും പട്ടിണിയുടെ ഇരകളാണ്.
എന്നാൽ, വേട്ടക്കാരൻ സവർണനായിരുന്നെങ്കിൽ ധാരാളം ഇളവുകൾ നൽകിയേനെ.വേടന്‍റെയും മീടൂ കുറ്റാരോപിതനായ വൈരമുത്തുവിന്‍റെയും സ്വഭാവം നിയമപരമായി നേരിടുക. എന്നാൽ, അവരുടെ പാട്ടുകൾ ഇനിയും കേട്ടുകൊണ്ടേയിരിക്കും' എന്നാണ് ഹരീഷ് പേരടി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
എന്നാല്‍ അതിജീവിച്ച സ്ത്രീകളെ മറന്ന് ഇത്തരം ഐക്യപ്പെടലുകള്‍ നടത്തുന്നത് അശ്ലീലമാണെന്നാണ് ഹരീഷ് പേരടിയെ വിമര്‍ശിച്ച് നിതിന്‍ എന്ന പ്രേക്ഷകന്‍റെ കുറിപ്പ്.
ഹരീഷ് പേരടിയെ വിമര്‍ശിച്ചുള്ള നിതിന്‍റെ കുറിപ്പ്
'ലിംഗാധിഷ്ഠിതമായ അധികാരത്തില്‍ നിന്നുകൊണ്ടാണ് നടന്‍ ഹരീഷ് പേരടി ഇത്തരത്തിലെ അഭിപ്രായം പറയുന്നതെന്നും താരത്തിന് എതിരെ വിമര്‍ശനമുണ്ട്. 'എന്തൊരു വൃത്തികേടാണിത്... നിങ്ങള്‍ക്കെങ്ങനെയാണ് ലൈംഗികാതിക്രമങ്ങളെ ഇങ്ങനെ നിസാരവല്‍കരിക്കാനാവുന്നത്? താനെന്ത് മനുഷ്യനാടോ?
റേപ്പിനെ പോലും നിസാരവല്‍കരിച്ച്... റെയ്‌പിസ്റ്റിനെ മധുവുമായി താരതമ്യപ്പെടുത്തുന്നു. രണ്ടും ഒരേപോലെയെന്ന് നോര്‍മലൈസ് ചെയ്യുന്നു. ലിംഗാധിഷ്ഠിതമായ അധികാരത്തില്‍ നിന്നുകൊണ്ട് തന്നെയാണ് നിങ്ങളിത് പറയുന്നത്. അതിജീവിച്ച സ്ത്രീകളെ മറന്ന് ഇത്തരം ഐക്യപ്പെടലുകള്‍ അശ്ലീലമാണ്...'.
Also read: നെയ്യാറ്റിന്‍കര ഗോപനെത്തും തിയറ്ററുകളില്‍ ; ആറാട്ട് റിലീസിന്
നേരത്തെ നടി പാര്‍വതി തിരുവോത്ത് അടക്കമുള്ളവര്‍ മീടൂ ആരോപണത്തില്‍ റാപ്പര്‍ വേടന്‍ മാപ്പ് പറഞ്ഞിട്ട കുറിപ്പിന് ലൈക്ക് നല്‍കിയത് വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.
ഒരു ലൈക്കിന് പോലും അതിന്‍റേതായ രാഷ്ട്രീയമുണ്ടെന്ന് ഇടക്കിടെ പറയാറുള്ള നടി പാര്‍വതി തന്നെ ഇത്തരം ഒരു പ്രവൃത്തി ചെയ്‌തത് അറപ്പുളവാക്കുന്നുവെന്നാണ് ചിലര്‍ പ്രതികരിച്ചത്. നടിക്കെതിരെ വിമര്‍ശനമുയര്‍ന്നതോടെ ലൈക്ക് പിന്‍വലിച്ച് നടി മാപ്പ് പറഞ്ഞിരുന്നു.