IFFK 2022: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടന വേദിയില്‍ ഭാവനയെ ക്ഷണിക്കുക എന്നത് തന്‍റെ തീരുമാനമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. മേളയുടെ ഉദ്‌ഘാടന ചടങ്ങില്‍ ഭാവന പങ്കെടുത്തതിന് പിന്നാലെ തനിക്കെതിരെയ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രഞ്‌ജിത്. മേളയില്‍ മുഖ്യമന്ത്രിക്കൊപ്പം തിരി തെളിയിക്കാന്‍ എത്തിയ ഭാവനയെ കണ്ട് കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.
Ranjith about IFFK 2022 inaugural function: അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ താനെടുത്ത തീരുമാനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേകുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും ചലച്ചിത്ര അക്കാദമിയിലെ സഹപ്രവര്‍ത്തകരുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും രഞ്ജിത് വ്യക്തമാക്കി. മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്‌നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചതെന്നും അദ്ദേഹം പറഞ്ഞു.
മേളയില്‍ ഭാവനയെ ക്ഷണിച്ചത് സ്വാഭാവികമായി ചെയ്‌ത കാര്യമാണെന്നും ബാഹ്യപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെയില്ലെന്നും അത് തന്‍റെ മനസിലെടുത്ത തീരുമാനമാണെന്നും രഞ്ജിത് വ്യക്തമാക്കി. പ്രതിക്ക് വേണ്ടി താന്‍ ഒരിടത്തും വാദിച്ചിട്ടും ന്യായീകരിച്ചിട്ടുമില്ലെന്നും അപ്രതീക്ഷിതമായാണ് ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതെന്നും രഞ്ജിത് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ രഞ്‌ജിത് ജയിലില്‍ സന്ദര്‍ശിക്കുന്നതിന്‍റെ ചിത്രങ്ങള്‍ സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നത്. ദിലീപിനെ ജയിലില്‍ പോയി കാണുകയും ഭാവനയെ പോരാട്ടത്തിന്‍റെ പെണ്‍പ്രതീകമെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന ആളാണ് രഞ്‌ജിത്ത് എന്ന തരത്തിലായിരുന്നു വിമര്‍ശനമുയര്‍ന്നത്.
'സാമൂഹമാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങളില്‍ ശ്രദ്ധിക്കാറില്ല. അതൊരു മാനസിക രോഗമാണ്. അതുകാട്ടി എന്നെ ഭയപ്പെടുത്താന്‍ പറ്റില്ല. എന്‍റെ സിനിമകളിലെ കഥാപാത്രങ്ങളെ വച്ച് വിമര്‍ശിക്കുന്നവരോടും ഒന്നും പറയാനില്ല. അത്തരം തറ വര്‍ത്തമാനങ്ങള്‍ എന്‍റെ അടുത്ത് ചെലവാകില്ല. എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും. അതില്‍ സാംസ്‌കാരിക വകുപ്പിന്‍റെയും സര്‍ക്കാരിന്‍റെയും പിന്തുണ ഉണ്ട്.' -രഞ്ജിത് പറഞ്ഞു.
Also Read: നിക്കിനൊപ്പം ഹോളി ആഘോഷിച്ച് പ്രിയങ്ക ചോപ്ര