ചെന്നൈ: തന്‍റെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്ന് നടൻ രജനികാന്ത്. രജനി മക്കൾ മൺറത്തിലെ ജില്ലാ സെക്രട്ടറിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനികാന്ത് ഇക്കാര്യം അറിയിച്ചത്. "ഞാൻ എന്‍റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള തീരുമാനം ഉടൻ അറിയിക്കും. ഇന്ന് രജനി മക്കൾ മൺറത്തിലെ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവർ അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ഞാൻ എന്‍റെ അഭിപ്രായങ്ങൾ അവരോട് സംസാരിക്കുകയും ചെയ്‌തു. ഞാൻ എന്ത് തീരുമാനമെടുത്താലും എന്‍റെ പക്ഷത്തുണ്ടാകുമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്. ഞാൻ എന്‍റെ തീരുമാനം എത്രയും പെട്ടെന്ന് പ്രഖ്യാപിക്കും,” പോയസ് ഗാർഡനിലെ വസതിയിൽ വച്ച് സൂപ്പർതാരം വിശദീകരിച്ചു.
വർഷങ്ങളായി രജനികാന്തിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച് സൂചനകൾ ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ പ്രമുഖ നേതാക്കളായിരുന്ന ജയലളിതയുടെയും കരുണാനിധിയുടെയും മരണത്തിന് ശേഷം തലൈവ രാഷ്‌ട്രീയത്തിലെത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നതാണ്. എങ്കിലും, കൊവിഡ് പശ്ചാത്തലത്തിൽ രജനിയുടെ രാഷ്‌ട്രീയപ്രവേശനം വൈകുമെന്നും 2016ൽ കിഡ്‌നി മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയക്ക് വിധേയമായതിനാൽ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് ഇനിയും പ്രഖ്യാപനം നീളാൻ സാധ്യതയുണ്ടെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രജനികാന്ത് തന്‍റെ രാഷ്‌ട്രീയപ്രവേശനം പ്രഖ്യാപിക്കുമെന്നാണ് ഇന്ന് ചെന്നൈയിൽ കൂടിയ യോഗം സൂചിപ്പിക്കുന്നത്.