തമിഴകത്തിന്‍റെ തലൈവ രജനികാന്തും തലൈവി ജയലളിതയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും ശത്രുതയും തമിഴ് രാഷ്‌ട്രീയത്തിൽ പരസ്യമായി അറിയാവുന്ന ചരിത്രം. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ പരാജയപ്പെടുന്നതിൽ തന്‍റെ പ്രസംഗങ്ങൾ കാരണമായെന്നും, അതിനാലാണ് ആ വർഷം ജയലളിത മുഖ്യമന്ത്രി കസേരയിൽ എത്താതിരുന്നതെന്നും സൂപ്പർതാരം രജനികാന്ത് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
More Read: 'ജയലളിതയുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനുണ്ട്' ; വീണ്ടും 'തലൈവി'യായി എത്തുമോ കങ്കണ ?
എന്നാൽ, തങ്ങൾ തമ്മിലുള്ള ഈ മനോഭാവം മനസിൽ വക്കാതെ തന്‍റെ മകളുടെ വിവാഹത്തിൽ അവർ പങ്കെടുത്തുന്നുവെന്നും രജനികാന്ത് വ്യക്തമാക്കിയിരുന്നു. പുരുഷാധിപത്യ സമൂഹത്തിന്‍റെ എല്ലാ സമ്മർദങ്ങളെയും പൊരുതി തോൽപ്പിച്ച വൈരമാണ് ജയലളിതയെന്നും മുൻമുഖ്യമന്ത്രിയുടെ ഒരു അനുസ്‌മരണ ചടങ്ങിൽ രജനി പറഞ്ഞിട്ടുണ്ട്.
തലൈവി ചിത്രത്തിനെ പ്രശംസിച്ച് രജനികാന്ത്
പുരുഷാധിപത്യത്തിന് എതിരെയുള്ള ജയലളിതയുടെ പോരാട്ടമാണ് എ.എൽ വിജയ് സംവിധാനം ചെയ്‌ത തലൈവി എന്ന ചിത്രവും പ്രമേയമാക്കിയത്. കങ്കണ റണൗട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു തിയേറ്ററിൽ എത്തിയത്.
തലൈവി കണ്ട ശേഷം സംവിധായകനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് സ്റ്റൈൽമന്നൻ രജനികാന്ത്. രജനികാന്തിനായി ഒരുക്കിയ പ്രത്യേക പ്രദർശനത്തിലാണ് നടൻ ചിത്രം കണ്ടത്. സിനിമ കണ്ട് ഇഷ്‌ടപ്പെട്ട്, തലൈവിയുടെ മേക്കിങ്ങിനെ കുറിച്ചും താരം പ്രശംസിച്ചു. ജയലളിതയുടെ രാഷ്‌ട്രീയജീവിതത്തിന്‍റെ തുടക്കം വരെയാണ് സിനിമയുടെ കഥ. അതിനാൽ തന്നെ തലൈവിയ്‌ക്ക് രണ്ടാം ഭാഗം വരുമെന്നും പറയുന്നു.