രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് രജനികാന്ത്. രജനി മക്കൾ മൻട്രവുമായുള്ള ചർച്ചക്ക് ശേഷമാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത്. ആരോഗ്യപ്രശ്നങ്ങൾ കാരണം രാഷ്‌ട്രീയ പ്രവേശനമില്ലെന്ന് രജനികാന്ത് കഴിഞ്ഞ ഡിസംബറിൽ അറിയിച്ചിരുന്നു. എന്നാൽ, ഈ തീരുമാനം പുനഃപരിശോധിക്കാനായാണ് രജനി മക്കൾ മൻട്രത്തിലെ അംഗങ്ങളുമായി സൂപ്പർതാരം ഇന്ന് യോഗം ചേർന്നത്.
ഭാവിയിലും രാഷ്‌ട്രീയപ്രവർത്തനങ്ങളിൽ തൽപരനല്ലെന്നും രജനി മക്കൾ മൻട്രം പിരിച്ചുവിടുന്നതായും തലൈവ അറിയിച്ചു. എന്നാൽ, ആരാധക കൂട്ടായ്‌മയായി രജനി മക്കൾ മൻട്രം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
താരത്തിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിച്ച സമയത്താണ് രജനികാന്ത് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പൂർണ വിശ്രമം വേണമെന്നായിരുന്നു ഡോക്‌ടറുടെ നിർദേശം.
More Read: രജനികാന്തിന്‍റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവില്‍
രജനി മക്കൾ മൻട്രത്തെ തന്‍റെ പാർട്ടിയായി രൂപീകരിച്ച് തലൈവ രാഷ്‌ട്രീയ പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന രജനി ആരാധകർക്ക് ഉള്‍ക്കൊള്ളാനാവാത്ത തീരുമാനമായിരുന്നു ഇത്. ഇതിന് പിന്നാലെ നിരവധി ആളുകൾ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനം ആവശ്യപ്പെട്ട് തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു.