സംവിധായകനും തിരക്കഥാകൃത്തുമായി മാത്രമല്ല, അഭിനയത്തിലും അത്ഭുതം സൃഷ്‌ടിക്കാനാകുമെന്ന് തെളിയിച്ച കലാകാരനാണ് രഘുനാഥ് പലേരി. തൊട്ടപ്പനിലൂടെയാണ് രഘുനാഥ് തന്‍റെ അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. താനെങ്ങനെയാണ് ചിത്രത്തിലെ അഭിനേതാവായി എത്തപ്പെട്ടതെന്നും അതിന് പ്രോത്സാഹനം നൽകിയ ഷാനവാസ് ബാവക്കുട്ടിയെയും അന്‍വര്‍ റഷീദിനെയും സത്യൻ അന്തിക്കാടിനെയും പരാമർശിച്ചുകൊണ്ട് അവരോടുള്ള നന്ദി കൂടി രേഖപ്പെടുത്തുകയാണ് രഘുനാഥ് പലേരി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ.
- " class="align-text-top noRightClick twitterSection" data="">
"ഷാനവാസ് ബാവക്കുട്ടിയെന്ന സിനിമാ മാന്ത്രികനാണ് എന്നെ തിരശ്ശീലയിലെ പ്രകാശത്തിലേക്ക് എന്തുകൊണ്ടോ സന്നിവേശിപ്പിച്ചത്. ഇങ്ങിനൊരു അനുഭവം ഒരിക്കൽപോലും ആഗ്രഹിച്ചിരുന്നില്ല. പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഷാനവാസിൽ നിന്നും മാറി നിൽക്കാൻ സാധിച്ചതുമില്ല. അവൻ രണ്ടും കൽപ്പിച്ചാണെന്ന് വ്യക്തമായതും, എടുത്തു ചാടട്ടെ എന്നാദ്യം ചോദിച്ചത് അൻവർ റഷീദിനോടായിരുന്നു. അതിശയത്തോടെ ചേർത്തു പിടിച്ച് ധൈര്യമായി ചാടാൻ പറഞ്ഞു അവൻ. ചാടിയില്ലെങ്കിൽ തള്ളിയിടുമെന്ന് ആഹ്‌ളാദ ഭീഷണിയും. പിന്നീട് സത്യൻ അന്തിക്കാടിനോടായി ചോദ്യം. മനസ്സ് തുറന്ന് ചിരിച്ചു സത്യൻ. ആ ചിരിയിൽ സർവ്വ ശാസനയും സ്‌നേഹവും കണ്ട് ഞാനും ചിരിച്ചു. അദ്രുമാനായി ഷർട്ടും മുണ്ടും ബെൽറ്റും ഇട്ട് ആദ്യ സംഭാഷണം ഉരുവിട്ട് അന്തംവിട്ടു നിന്നപ്പോൾ ഷാനവാസ് വന്ന് കെട്ടിപ്പിടിച്ചു. ആ കെട്ടിപ്പിടുത്തത്തിന് ഒരു വല്ലാത്ത കുളിർമ ഉണ്ടായിരുന്നു. ആ തണുപ്പെന്നെ ഈ ജന്മം ഇനി വിട്ടു പോകില്ല. ജീവിതത്തിരശ്ശീലയിൽ വീഴുന്ന പ്രകാശ നുറുങ്ങുകൾക്ക് എന്തൊരു ചൈതന്യമാണ്," അദ്ദേഹം എഴുതി.
"മനോഹരമായിരുന്നു ആ പകർന്നാട്ടം. ഭാര്യയുടെ ജാരസംസർഗം കണ്ടെത്തിയപ്പോഴുള്ള സീനും തൊട്ടപ്പൻ്റെ കയ്യിൽ ചരട് കൊട്ടുത്തിട്ട് പറയുന്ന സീനും. ആ നേരങ്ങളിലെ രഘുവേട്ടൻ്റെ കണ്ണും" പലേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് നടനും സംവിധായകനുമായ മധുപാൽ കമന്‍റ് ചെയ്‌തു. മധുവിന്‍റെ മറുപടി തനിക്കും അത്ഭുതമായെന്ന് രഘുനാഥ് പലേരി തിരിച്ചും മറുപടി നൽകി.