എറണാകുളം: കാർത്തിയുടെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ഇരുമ്പു തിരൈ, ഹീറോ സിനിമകൾക്ക് ശേഷം പി.എസ് മിത്രന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു.
ദീപാവലി ദിനത്തിലായിരുന്നു കാർത്തി നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. എന്നാൽ, ചിത്രത്തിന്‍റെ പേരോ, നായികയാരാണ് എന്നതോ സംബന്ധിച്ച് വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. കോളിവുഡ് വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് സിനിമയിൽ നടൻ കാർത്തി ഡബിൾ റോളിൽ എത്തുമെന്നും ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നതെന്നും പറയുന്നു.
റുബൻ എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ ജോർജ്ജ് സി. വില്യംസാണ്. ജി.വി പ്രകാശാണ് സംഗീതം. പ്രീൻസ് പിക്ചേഴ്‌സിന്‍റെ ബാനറിൽ എസ്. ലക്ഷ്‌മൺ കുമാറാണ് ചിത്രം നിർമിക്കുന്നത്. ഭാഗ്യരാജ് കണ്ണന്‍റെ 'സുൽത്താൻ', മണിരത്നത്തിന്‍റെ 'പൊന്നിയിൻ സെൽവൻ' എന്നിവയാണ് കാർത്തിയുടെ റിലീസിന് ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.