പൃഥ്വിരാജിന്‍റെ ആദ്യ സംവിധാനം. നാല് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സൂപ്പർതാരത്തെ നായകനാക്കി യുവനടന്മാരിലെ താരരാജാവ് ഒരുക്കിയ ചിത്രം. ഇന്ന് ലൂസിഫറിന്‍റെ രണ്ടാം വാർഷികമാണ്.
പികെ രാംദാസിന്‍റെ മരണത്തിൽ നിന്ന് കഥ പറഞ്ഞുതുടങ്ങി അദ്ദേഹത്തിന് ശേഷം ആര് മുഖ്യമന്ത്രിയാകുമെന്ന ചോദ്യമാണ് ലൂസിഫറിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. അതിനിടയിൽ വച്ച് രാഷ്‌ട്രീയ നേതാക്കന്മാരുടെയും കുടുംബത്തിനുള്ളിൽ തന്നെയുള്ള കാപട്യങ്ങളുടെയും ചുരുളഴിയുന്നു. സ്റ്റീഫൻ നെടുമ്പള്ളിയുടെ മാസ് എൻട്രിയോടെ ലൂസിഫർ കഥയിലേക്ക് കടക്കുമ്പോൾ, മോഹൻലാൽ ആരാധകർക്ക് അദ്ദേഹത്തെ സൂപ്പർ താരപദവിയോടെ കാണാം. കഥയിലും അവതരണത്തിലും അഭിനയത്തിലും നല്ലൊരു സിനിമ കാണാനെത്തിയവർക്ക് മോഹൻലാലിന്‍റെ പ്രകടനവും പൃഥ്വിയുടെ സംവിധാന വൈദഗ്ധ്യവും കാണാം.
2019 മാർച്ച് 28നായിരുന്നു ലൂസിഫർ തിയേറ്റുകളിലെത്തിയത്. മുരളി ഗോപിയുടെ തിരക്കഥ, ദീപക് ദേവിന്‍റെ സംഗീതം, സുജിത് വാസുദേവിന്‍റെ കാമറ, സംജിത് മുഹമ്മദിന്‍റെ എഡിറ്റിങും, നിർമാതാവ് ആന്‍റണി പെരുമ്പാവൂർ. അണിയറയിലും അരങ്ങിലും പ്രതിഭാധനന്മാരായ കലാകാരന്മാർ. മഞ്ജു വാര്യർ, സായ് കുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, ടൊവിനോ തോമസ്, ഫാസിൽ, സാനിയ ഇയ്യപ്പൻ, കലാഭവൻ ഷാജോൺ തുടങ്ങിയ മലയാളത്തിലെ പ്രിയപ്പെട്ട അഭിനേതാക്കളും ബോളിവുഡിൽ നിന്ന് വിവേക് ഒബ്റോയിയും. സംവിധാന കുപ്പായമണിഞ്ഞ പൃഥ്വിരാജും ലൂസിഫറിന്‍റെ ക്ലൈമാക്സിലെ കുറച്ച് ഷോട്ടുകളിൽ എത്തുന്നുണ്ട്.
ആദ്യ 200 കോടി ക്ലബ് മലയാള ചലച്ചിത്രമായി ചരിത്രമെഴുതിയ ലൂസിഫറിന്‍റെ പുതിയ ഭാഗത്തിനായി ആരാധകർ വലിയ ആകാംക്ഷയിലാണ്. എമ്പുരാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞുവെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഇന്ന് ലൂസിഫർ തിയേറ്ററിലെത്തിയ ഓർമ പുതുക്കി സംവിധായകൻ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ ഒരു വർഷത്തിനുള്ളിൽ എമ്പുരാനെത്തുമെന്ന ശുഭസൂചനയും നൽകുന്നുണ്ട്.