സിനിമ സ്വപ്‌നം കാണുന്നവർക്ക് പ്രചോദനമാണ് മലയാളസിനിമയുടെ മുഖശ്രീ മമ്മൂട്ടി. മികച്ചൊരു അഭിനേതാവ് എന്നതിലുപരി വലിയൊരു വ്യക്തിത്വം കൂടിയാണ് പത്മശ്രീ മമ്മൂട്ടിയെന്നാണ് അദ്ദേഹത്തെ പരിചയപ്പെടുന്നവരെല്ലാം അഭിപ്രായപ്പെടുന്നത്. വൺവേ ടിക്കറ്റ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഫാൻ ബോയിയായും പോക്കിരിരാജയിൽ അനുജനായും മെഗാസ്റ്റാറിനൊപ്പം സ്‌ക്രീൻ പങ്കിട്ട പൃഥ്വിരാജ്, ഏറ്റവും ഒടുവിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ചത് പതിനെട്ടാം പടി എന്ന ചിത്രത്തിലാണ്.
- " class="align-text-top noRightClick twitterSection" data="">
തിരശ്ശീലയിലെ ബന്ധത്തേക്കാൾ കുടുംബാംഗങ്ങളെപ്പോലെയാണ് മമ്മൂട്ടിയുടെയും പൃഥ്വിരാജിന്‍റെയും അടുപ്പം. ഇരുവർക്കും വാഹനങ്ങളോടും ഡ്രൈവിങ്ങിനൊടുമുള്ള ഭ്രമം ആരാധകരും സഹപ്രവർത്തകരും താരതമ്യം ചെയ്യാറുണ്ട്. കൂടാതെ, മമ്മൂട്ടി നടനായി അരങ്ങേറിയ 'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍' എന്ന ചിത്രത്തിൽ പൃഥ്വിയുടെ അച്ഛൻ സുകുമാരനായിരുന്നു നായകൻ. പിന്നെയും ഒരുപാട് സിനിമകളിൽ സുകുമാരനും മമ്മൂട്ടിയും വേഷമിട്ടു.
More Read: ഇച്ചാക്കയ്ക്ക് ജന്മദിനാംശസകളുമായി പ്രിയപ്പെട്ട മോഹൻലാല്‍
മമ്മൂട്ടി തനിക്ക് എത്രമാത്രം പ്രാധാന്യമുള്ളയാളാണെന്ന് പങ്കുവക്കുകയാണ് പൃഥ്വിരാജ്. മമ്മൂക്കക്ക് ഹൃദയത്തിന്‍റെ ഭാഷയിൽ പിറന്നാൾ ആശംസ അറിയിക്കുന്നതിനൊപ്പം ചാലുവിനെയും സുർമി ചേച്ചിയെയും സമ്മാനിച്ചതിനും യുവതാരം നന്ദി രേഖപ്പെടുത്തി. ഉച്ചനേരങ്ങളിലെ ബിരിയാണിയും കട്ടൻചായയും നിറയുന്ന ഉച്ചനേരങ്ങളിൽ ഒരുമിച്ച് ഫോട്ടോയെടുക്കാൻ പോലും മറന്നുപോകാറുണ്ടെന്നും പൃഥ്വിരാജ് കുറിച്ചു.
മമ്മൂട്ടിക്കൊപ്പമുള്ള പൃഥ്വിരാജിന്‍റെ ഫാൻ മൊമന്‍റ്
'ഇതിലും മികച്ച ഒരു ഫോട്ടോ എന്‍റെ കയ്യിലില്ല.. എന്തെന്നാൽ ബിരിയാണിയും കട്ടൻചായയും നിറയുന്ന ആ ഉച്ചനേരങ്ങളിൽ പലപ്പോഴും അങ്ങനെ ഒരു ഫോട്ടോ എടുക്കാൻ മറന്നുപോകും. എന്നാൽ സ്വപ്‌നം കാണുന്ന ദശലക്ഷക്കണക്കിന് പേർക്കും അഭിനയമോഹം കൊണ്ടുനടക്കുന്നവർക്കും, എനിക്കും താങ്കൾ എത്രമാത്രം പ്രധാനമാണ് എന്ന കാര്യം ഒരുപക്ഷെ താങ്കൾ അറിയുന്നുണ്ടാവില്ല.
അതിനേക്കാളുപരി, ചാലുവിനെയും സുർമി ചേച്ചിയെയും സമ്മാനിച്ചതിന് നന്ദി! ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.. ലോകം നിങ്ങളെ സ്നേഹിക്കുന്നു! ജന്മദിനാശംസകൾ ഇക്ക!' വൺവേ ടിക്കറ്റ് എന്ന ചിത്രത്തിൽ നിന്നുള്ള ഫാൻ മൊമന്‍റ് ചിത്രം പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു.