താരങ്ങള്‍ക്ക് പിന്നാലെ തന്നെ മക്കളും സിനിമയില്‍ അരങ്ങേറുന്നത് സ്വഭാവികമമായ കാര്യമാണ്. അടുത്തതായി ആരായിരിക്കും അരങ്ങേറുന്നതെന്നറിയാനായാണ് എന്നും പ്രേക്ഷകര്‍ ഉറ്റുനോക്കാറുള്ളത്. അത്തരത്തില്‍ മലയാള സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന വരവുകളിലൊന്നായിരുന്നു പ്രണവ് മോഹന്‍ലാലിന്‍റേത്. ജൂലൈ 13 പ്രണവിന് പിറന്നാള്‍ ദിനമാണ്. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് പ്രണവിന് പിറന്നാളാശംസകള്‍ നേര്‍ന്ന് എത്തിയത്. പിറന്നാള്‍ ദിനം പിന്നിട്ടിട്ടും ആശംസകള്‍ അവസാനിച്ചിട്ടില്ല. അച്ഛൻ മോഹന്‍ലാലിനോടൊപ്പമുള്ള പ്രണവിന്‍റെ അപൂര്‍വമായൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മോഹന്‍ലാല്‍ കുഞ്ഞ് പ്രണവിനെ ഉമ്മ വയ്ക്കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ബാലതാരമായി സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ പ്രണവ് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി തിരിച്ചുവരുമെന്ന് ആരാധകര്‍ അന്നേ ഉറപ്പിച്ചിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തില്‍ താരപുത്രനെ കണ്ടപ്പോള്‍ എന്നാണ് നായകനായി അരങ്ങേറുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. കാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് പിന്നാലെയായാണ് അദ്ദേഹം നായകനായി എത്തിയത്. ജീത്തു ജോസഫിനൊപ്പമായിരുന്നു ആ വരവ്. ആക്ഷന്‍ രംഗങ്ങളിലെ മികവുമായെത്തിയ ആദിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. അസാമാന്യ അഭിനയമികവെന്ന് വിലയിരുത്താനാവില്ലെങ്കിലും ഈ മേഖലയില്‍ തനിക്ക് ശോഭിക്കാനാവുമെന്ന് പ്രണവ് തെളിയിച്ചു. ബോക്സോഫീസിലും ആദി വിജയമായിരുന്നു. ആദിയുടെ ചിത്രീകരണത്തിനിടയിലെ വിശേഷത്തെക്കുറിച്ചും പ്രണവിന്‍റെ ഇടപെടലുകളെക്കുറിച്ചുമൊക്കെയുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
നിരവധി പേരാണ് താരപുത്രന് ആശംസ നേര്‍ന്ന് എത്തിയത്. രാജാവിന്‍റെ മകന്‍റെ ദിനമാണ് ഇന്നെന്നാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്. സിനിമാലോകത്ത് നിന്നുള്ളവരും പ്രണവിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'എന്നും അപ്പുച്ചേട്ടന്‍ സന്തോഷത്തോടെയിരിക്കട്ടയെന്നാണ്' ഗോകുല്‍ സുരേഷ് കുറിച്ചിട്ടുള്ളത്. പ്രണവിന്‍റെ കരിയറിലെ രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. സര്‍ഫിങ് മികവുമായി താരപുത്രനെത്തിയ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. പോസിറ്റീവായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍ എന്നാണ് പരക്കെ അറിയപ്പെടുന്നത്. ആരെക്കുറിച്ചും നെഗറ്റീവായി സംസാരിക്കാറില്ലെന്നും ആരും നെഗറ്റീവായി സംസാരിക്കുന്നത് കേട്ടിട്ടില്ലെന്നും അരുണ്‍ ഗോപി ഒരിക്കൽ പറഞ്ഞിരുന്നു. സിനിമയിലായാലും വ്യക്തി ജീവിതത്തിലായാലും സ്വന്തം നിലപാടുകളുമായാണ് അദ്ദേഹം മുന്നേറുന്നത്.
പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടില്‍ എത്തുന്ന ഐതിഹാസിക ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' ആണ് പ്രണവിന്‍റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ചെറുപ്പമാണ് പ്രണവ് അവതരിപ്പിക്കുക.