മുംബൈ: ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും സജീവമായ നടി പിയ ബാജ്പേയിയുടെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു. സഹോദരൻ ഗുരുതരാവസ്ഥയിലാണെന്നും അടിയന്തരമായി വെന്‍റിലേറ്റർ സൗകര്യം വേണമെന്നും അഭ്യർഥിച്ച് ചൊവ്വാഴ്ച രാവിലെ പിയ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് രണ്ടു മണിക്കൂർ ശേഷം രാവിലെ ഒമ്പത് മണിയോടെ സഹോദരന്‍റെ മരണവാർത്തയും പിയ ട്വിറ്ററിലൂടെ അറിയിച്ചു.
ബോളിവുഡ് താരങ്ങളായ വിനീത് കുമാർ സിംഗ്, ഡാനിഷ് ഹുസൈൻ, നിർമാതാവ് ഗുനീത് മോംഗ എന്നിവർ സഹോദരന്‍റെ മരണത്തിൽ അനുശോചനം കുറിച്ചു. തമിഴ്, തെലുങ്ക് സിനിമകളിലാണ് പിയ ബാജ്പേയി ഏറ്റവും കൂടുതൽ വേഷമിട്ടതെങ്കിലും പൃഥ്വിരാജ് ചിത്രം മാസ്റ്റേഴ്സ്, ജയസൂര്യക്കൊപ്പം ആമയും മുയലും ടൊവിനോ നായകനായ അഭിയും അനുവും ചിത്രങ്ങളിലൂടെ മലയാളത്തിനും താരത്തെ സുപരിചിതമാണ്. തമിഴിൽ ഗോവ, കോ തുടങ്ങിയ ചിത്രങ്ങൾ പിയ ബാജ്പേയിയുടെ ശ്രദ്ധേയ വേഷങ്ങളാണ്.