ചെന്നൈ: അമിതാഭ് ബച്ചൻ, തപ്‌സി പന്നു എന്നിവർ അഭിനയിച്ച സ്‌ത്രീപക്ഷ നിലപാടുകൾ വ്യക്തമായി അവതരിപ്പിച്ച ഹിന്ദി ചിത്രമായിരുന്നു 'പിങ്ക്'. ഇതിന്‍റെ തമിഴ് റീമേക്കിന് ശേഷം തെലുങ്ക് പതിപ്പും അണിയറയിൽ ഒരുങ്ങുകയാണ്. 'വക്കീൽ സാബ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടപ്പോൾ രാം ചരൺ, സായ് ധരം തേജ് എന്നിവരുൾപ്പെടെയുള്ളവർ പ്രശംസകളുമായെത്തി. എന്നാൽ, സിനിമാ പ്രേമികൾ പോസ്റ്ററിനെ സ്വീകരിച്ചത് സംതൃപ്‌തിയോടെ അല്ല.
മാറ്റം അടയാളപെടുത്തിയ പിങ്കിന്‍റെ തെലുങ്ക് പതിപ്പിനായും ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന സാഹചര്യത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വക്കീൽ സാബ് ആയി എത്തുന്ന പവൻ കല്യാണിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കയ്യിൽ ഒരു പുസ്തകവും പിടിച്ച് സൺഗ്ലാസും ധരിച്ച് വിശ്രമിക്കുന്ന വക്കീൽ സാബിനെ എന്തിനാണ് ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ചോദ്യം. സ്‌ത്രീ പ്രാധാന്യമുള്ള സിനിമയുടെ പോസ്റ്ററിൽ പെൺവേഷങ്ങളൊന്നും പ്രത്യക്ഷപ്പെടുന്നില്ല എന്നതും വിമർശനത്തിന് വഴി വക്കുന്നു. ടോളിവുഡ് സൂപ്പർസ്റ്റാറിനെ പ്രതിനിധീകരിക്കാൻ വേണ്ടി മാത്രമാണ് ഈ പോസ്റ്ററെന്നും സിനിമ വല്ല റിസോർട്ടിലുമാണോ നടക്കുന്നതെന്നും ആരാധകർ ചോദിക്കുന്നു.
സ്‌ത്രീയുടെ 'നോ' എന്ന വാക്കിന്‍റെ പ്രസക്തിയും നീതിക്ക് വേണ്ടിയുള്ള പോരാട്ടവും പിങ്ക് പ്രമേയമാക്കിയിരുന്നു. ഇതിനായി ഇവരെ സഹായിക്കാൻ എത്തുന്ന അഭിഭാഷകന്‍റെ വേഷമാണ് അമിതാഭ് ബച്ചൻ ഹിന്ദി ചിത്രത്തിൽ അവതരിപ്പിച്ചത്. ശ്രീറാം വേണു സംവിധാനം ചെയ്യുന്ന വക്കീൽ സാബ് നിർമിക്കുന്നത് ബോണി കപൂർ, ദിൽ രാജു എന്നിവർ ചേർന്നാണ്. ചിത്രത്തിന്‍റെ തമിഴ് റീമേക്ക് 'നേര്‍ക്കൊണ്ട പാര്‍വൈ'യും ബോണി കപൂറിന്‍റെ നിർമാണത്തിലാണ് പുറത്തിറങ്ങിയത്. ജന സേന പാർട്ടിയിലൂടെ രാഷ്‌ട്രീയത്തിൽ സജീവമായ പവൻ കല്യാണിന്‍റെ സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടിയാണ് വക്കീൽ സാബ്.