മലയാളത്തിന്‍റെ സ്വന്തം പാര്‍വതിയെ തേടി വീണ്ടും അംഗീകാരങ്ങള്‍ . താരം അഭിനയിച്ച സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും എന്ന ചിത്രത്തിന് ജപ്പാനിലെ ഫുക്കുവോക്ക അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്‌കാരം ലഭിച്ചു. ചലച്ചിത്രമേളയിലെ മികച്ച ചിത്രമായാണ് സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും തെരഞ്ഞെടുക്കപ്പെട്ടത്. മേളയുടെ ഡയറക്ടര്‍ ഹരികി യസുഹിറോ, ചലച്ചിത്രമേള കമ്മിറ്റി ചെയര്‍മാന്‍ കുബോടാ ഇസാവോ എന്നിവരില്‍ നിന്നും സംവിധായകന്‍ വസന്ത് പുരസ്‌കാരം ഏറ്റുവാങ്ങി. സെപ്റ്റംബര്‍ 15ന് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പാര്‍വതിയ്‌ക്കൊപ്പം കാളീശ്വരി ശ്രീനിവാസ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. സരസ്വതി, ദേവകി, ശിവരഞ്ജിനി എന്നിങ്ങനെ യഥാക്രമം മൂന്ന് കാലഘട്ടങ്ങളിലെ സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. ജയമോഹന്‍, ആദവന്‍, അശോക മിത്രന്‍ എന്നിവരെഴുതിയ ചെറുകഥകളെ അടിസ്ഥാനമാക്കിയാണ് വസന്ത് ചിത്രം ഒരുക്കിയത്. വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഏറെ നിരൂപകപ്രശംസ നേടിയിരുന്നു.