കൊവിഡ് വ്യാപനം കണക്കിലെടുത്ത് തൃശൂർ പൂരം സംഘടിപ്പിക്കരുതെന്ന ആവശ്യവുമായി നടി പാർവതി തിരുവോത്ത്. മാധ്യമപ്രവർത്തക ഷാഹീന നഫീസയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് പാർവതിയുടെ പ്രതികരണം. ഈ സമയത്ത് അൽപം മനുഷ്യത്വം കാണിക്കുന്നത് നല്ലതാണെന്ന് താരം പറഞ്ഞു.
"ഇവിടെ അൽപം മോശം ഭാഷ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. ഞാൻ ഉദ്ദേശിച്ചത് നിങ്ങൾക്ക് മനസ്സിലായിക്കാണും. കൊവിഡ് രണ്ടാം തരംഗമാണ്. തൃശൂർ പൂരം വേണ്ട. അൽപമെങ്കിലും മനുഷ്യത്വം കാണിക്കുക,"പാർവതി പറഞ്ഞു.
പൂരം ആണുങ്ങളുടെ ഉത്സവമാണെന്നും കൊവിഡിനെ വഹിച്ച് വീട്ടില്‍ വന്ന് അവർ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും രോഗം പകരുകയാണെന്നുമാണ് ഷാഹീന പറഞ്ഞത്. തൃശൂർ പൂരം വേണ്ടെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വിശ്വാസ് മേത്തക്ക് ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ എഴുതിയ കത്തും പാർവതി ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂരം നടത്തരുതെന്ന് ഉറക്കെ ശബ്ദിക്കാനും പാർവതി തിരുവോത്ത് ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസം സംവിധായകൻ ഡോ. ബിജുവും നിരവധി സാംസ്കാരിക പ്രമുഖരും മഹാമാരിക്കിടയിൽ തൃശൂർ പൂരം നടത്തുന്നതിന് എതിരെ പ്രതികരണവുമായി എത്തിയിരുന്നു.