ലോസ് ഏഞ്ചൽസ്: ഓസ്‌കർ 2021 രണ്ടു മാസത്തേക്ക് നീട്ടിവക്കുമെന്ന് അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആന്‍റ് സയൻസസ് അറിയിച്ചു. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കേണ്ട അവാർഡ് ദാന ചടങ്ങ് ഏപ്രിൽ 25ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ മിക്ക ചിത്രങ്ങളുടെയും റിലീസ് തടസപ്പെട്ടതിനെ തുടർന്നാണ് അക്കാദമി അവാർഡ് സംഘാടകർ ഓസ്‌കർ തിയതി നീട്ടിവക്കാൻ തീരുമാനിച്ചത്. അവാർഡിന് മത്‌സരിക്കാനുള്ള പ്രവേശന കാലയളവും നീട്ടിവച്ചിട്ടുണ്ട്. ഇത് ഡിസംബർ 2020ൽ നിന്ന് ഫെബ്രുവരി 2021ലേക്കാണ് മാറ്റിയത്.
ഈ ദുർഘട സമയങ്ങളിലും സിനിമകൾ നമ്മളെ ആശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും വിനോദം നൽകുകയും ചെയ്യുന്നു. ചലച്ചിത്ര പ്രവർത്തകർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ അവരുടെ സിനിമകൾ പൂർത്തിയാക്കി റിലീസ് ചെയ്യേണ്ടതായി ഉണ്ട്. അതിനാൽ തന്നെ, 93-ാം അവാർഡിലേക്ക് പങ്കെടുക്കുന്നതിന് അപേക്ഷിക്കേണ്ട സമയവും പുരസ്‌കാര ദാന ചടങ്ങും നീട്ടിവക്കുകയാണ് എന്ന് അക്കാദമി പ്രസിഡന്‍റ് ഡേവിഡ് റൂബിനും ചീഫ് എക്സിക്യൂട്ടീവ് ഡോൺ ഹഡ്‌സണും അറിയിച്ചു.
കൊവിഡ് കാരണം തിയേറ്ററുകൾ അടച്ചുപൂട്ടിയതോടെ ഓസ്‌കർ നോമിനേഷന്‍ നിബന്ധനകളിലും സംഘാടകര്‍ നേരത്തെ മാറ്റം വരുത്തിയിരുന്നു. അക്കാദമി പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാൻ ചിത്രങ്ങൾ തിയേറ്റർ റിലീസ് ആവണമെന്നില്ല. ലോക്ക് ഡൗൺ കാലയളവിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന, എന്നാൽ ഓൺലൈൻ സംവിധാനങ്ങൾ വഴിയോ മറ്റ് വീഡിയോ പ്രദർശന ഉപകരണങ്ങൾ (വിഒഡി) വഴിയോ വാണിജ്യാടിസ്ഥാനത്തിൽ സംപ്രേക്ഷണം നടത്തുന്ന സിനിമകൾക്ക് അടുത്ത ഓസ്‌കറിലേക്ക് അപേക്ഷിക്കാമെന്നാണ് പുതുതായി സംഘാടകർ കൊണ്ടുവന്ന മാറ്റം. മികച്ച ചലച്ചിത്രങ്ങളുടെ നാമനിർദേശങ്ങളുടെ എണ്ണം 10 സിനിമകളിലേക്കും ഓസ്‌കർ സംഘാടകർ ചുരുക്കി.