കൊവിഡ് അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓസ്കർ ചടങ്ങുകളിലെ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കുകയാണ് ഓസ്കർ 2021ന്‍റെ നിർമാതാക്കൾ. മൂന്ന് മണിക്കൂറായി നടത്തുന്ന അവാർഡ് ദാന ചടങ്ങിൽ പകർച്ചവ്യാധിക്കെതിരെയുള്ള എല്ലാവിധ മുൻകരുതലുകളും സ്വീകരിക്കുമെന്നും നോമിനികളുടെയും പുരസ്കാര ജേതാക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും നിർമാതാക്കളായ ജെസ്സി കോളിൻസ്, സ്റ്റേസി ഷെർ, സ്റ്റീവൻ സോഡർബർഗ് എന്നിവർ പറഞ്ഞു.
ഈ മാസം 25ന് നടക്കുന്ന ഓസ്കർ ചടങ്ങിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും സാമൂഹിക അകലവും ഉൾപ്പെടെയുള്ള ക്രമീകരണങ്ങളിൽ നിയന്ത്രണമുണ്ട്. ചിലയിടങ്ങളിൽ ഏത്ര മണിക്കൂർ വരെ ഒരാൾക്ക് ചെലവഴിക്കാമെന്നതിൽ വരെ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. ആരെയും അപകടത്തിലാക്കരുതെന്നും ആളുകളെ സുരക്ഷിതരാക്കുന്ന എന്ന ആശയത്തിലൂന്നിയാണ് അക്കാദമി അവാർഡ് ഗാന ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും നിർമാതാക്കൾ വിശദമാക്കി. ഓസ്കറിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും വാക്സിൻ സ്വീകരിച്ചവരാണെന്നും റാപ്പിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നത് നിർബന്ധമാണെന്നും അക്കാദമി അവാർഡ് ഭാരവാഹികൾ പറഞ്ഞു.
ബ്രാഡ് പിറ്റ്, ലോറ ഡേൺ, റെജിന കിംഗ്, ഹാരിസൺ ഫോർഡ് തുടങ്ങിയ ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെ 15 പേരാണ് ഈ വർഷത്തെ അക്കാദമി പുരസ്കാര ചടങ്ങിന്‍റെ അവതാരകർ. എന്നാൽ, ഇനിയും രണ്ട് പ്രമുഖർ കൂടി അവതാരകരായി എത്തുമെന്നാണ് സ്റ്റീവൻ സോഡർബർഗ് അറിയിച്ചത്. എല്ലാ വർഷവും ഫെബ്രുവരി മാസം നടത്തുന്ന ഓസ്കർ ചടങ്ങ് ഇക്കൊല്ലം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് മാസം വൈകിയാണ് സംഘടിപ്പിക്കുന്നത്. ഗോൾഡൻ ഗ്ലോബ് പുരസ്കാരം വൈകിയതും 93-ാം ഓസ്കർ ചടങ്ങ് നീട്ടിവക്കുന്നതിന് കാരണമായി.