മൂല്യമുള്ള നിരവധി ചിത്രങ്ങളിലൂടെ അതിഗംഭീര പ്രകടനങ്ങള്‍ കാഴ്ചവെച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനടക്കം അര്‍ഹനായ നടനാണ് മലയാളത്തിന്‍റെ അഭിമാനമായ ഇന്ദ്രന്‍സ്. ഹാസ്യനടന്‍ എന്നതിന് പുറമെ നിരവധി കാമ്പുള്ള കഥാപാത്രങ്ങളും ഇന്ദ്രന്‍സിന്‍റെ കലാവൈഭവത്തില്‍ പിറവിയെടുത്തിട്ടുണ്ട്. അടുത്തിടെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലേക്ക് ഇന്ദ്രന്‍സ് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ജനറല്‍ കൗണ്‍സിലേക്ക് തെരഞ്ഞെടുത്തതിന് പിന്നാലെ താരം രാജി വെച്ചു. തന്‍റെ ചിത്രങ്ങളും അവാര്‍ഡിന് പരിഗണിക്കുന്നതിനാല്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനെ നേരിട്ട് കണ്ട് ഇന്ദ്രന്‍സ് അറിയിക്കുകയായിരുന്നു.
ഇപ്പോള്‍ വിഷയത്തില്‍ സംവിധായകന്‍ ഡോ.ബിജു പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ധാര്‍മികമായ നിലപാട് സ്വീകരിച്ച നടന്‍ ഇന്ദ്രന്‍സിനെ അഭിനന്ദിക്കുകയാണ് കുറിപ്പിലൂടെ ഡോ.ബിജു.
'2016ല്‍ ഈ സര്‍ക്കാര്‍ ചലച്ചിത്ര അക്കാദമിയുടെ ആദ്യത്തെ ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചപ്പോള്‍ അംഗമായി എന്‍റെ പേരും ഉണ്ടായിരുന്നു. ജനറല്‍ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുത്തതില്‍ നന്ദി അറിയിച്ചുകൊണ്ട് സ്‌നേഹപൂര്‍വം തന്നെ ആ സ്ഥാനം രാജിവെക്കുകയാണ് ഉണ്ടായത്.
നിരന്തരമായി സിനിമകള്‍ ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കാന്‍ എന്‍റെ സിനിമകള്‍ എത്തുമ്പോള്‍ ആ അവാര്‍ഡുകള്‍ നിര്‍ണയിക്കുന്ന ജൂറിയെ തെരഞ്ഞെടുക്കുന്ന ഒരു ഭരണ സമിതിയില്‍ ഇരിക്കുന്നതിന് നിയമപരമായി യാതൊരു പ്രശ്‌നവും ഇല്ല എങ്കിലും ധാര്‍മികമായി അത് ശരിയല്ലെന്നാണ് എന്‍റെ വിശ്വാസം എന്നത് ചൂണ്ടിക്കാട്ടിയാണ് അന്ന് രാജിവെച്ചത്.
ഞാന്‍ രാജിവെച്ച ഒഴിവിലേക്ക് ഇതുവരെ ആരെയും തെരഞ്ഞെടുത്തിരുന്നില്ല. നാല് വര്‍ഷം കഴിഞ്ഞു.... വീണ്ടും അക്കാദമി പുനഃസംഘടിപ്പിച്ചപ്പോള്‍ ഇന്ദ്രസേട്ടനെ ജനറല്‍ കൗണ്‍സില്‍ അംഗമാക്കി. ഇന്ദ്രന്‍സ് ചേട്ടനും ധാര്‍മികത ഉയര്‍ത്തിക്കാട്ടി രാജിവെച്ചിരിക്കുന്നു.
ചലച്ചിത്ര അക്കാദമി അംഗങ്ങളായിരിക്കുമ്പോള്‍ തങ്ങളുടെ സിനിമകള്‍ മത്സരിക്കാന്‍ എത്തുന്നതില്‍ നിയമ തടസം ഇല്ലെങ്കിലും ധാര്‍മികമായി അത് ശരിയല്ലയെന്ന് വിശ്വസിക്കുന്നു ഞങ്ങള്‍. നിലപാടും ധാര്‍മികതയും പ്രസംഗിക്കാന്‍ മാത്രമുള്ളതല്ല അത് ജീവിതത്തില്‍ പ്രവര്‍ത്തിച്ച് കാണിക്കാന്‍ കൂടി ഉള്ളതാണ്. ഇന്ദ്രന്‍സ് ചേട്ടാ, വീണ്ടും ഇഷ്ടം.. സ്‌നേഹം...' ഇതായിരുന്നു ഡോ.ബിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
- " class="align-text-top noRightClick twitterSection" data="">
ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി എത്തിയ വെയില്‍മരങ്ങള്‍ സംവിധാനം ചെയ്തത് ഡോ.ബിജുവായിരുന്നു. 2019 രാജ്യാന്തര ചലച്ചിത്രോത്സവം ഉള്‍പ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.