സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ചെന്നൈ എഗ്മോര്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതി. ശങ്കറിന്‍റെ ബോക്‌സ് ഓഫീസ് ഹിറ്റ് സിനിമ എന്തിരന്‍റെ കഥ മോഷ്ടിച്ചതാണെന്ന പരാതിയിലാണ് നടപടി. എഴുത്തുകാരന്‍ അരുര്‍ തമിഴ്നാടനാണ് ശങ്കറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്‍റെ രചനയായ ജിഗുബയില്‍ നിന്നും മോഷ്ടിച്ചതാണ് എന്തിരന്‍റെ കഥയെന്നാണ് ആരോപണം. 1996ല്‍ ആണ് അരുര്‍ 'ജിഗുബ' ഒരു തമിഴ് മാസികയില്‍ പ്രസിദ്ധീകരിച്ചത്. ശേഷം 2007ല്‍ കഥയെ നോവലാക്കി മാറ്റി 'ദിക് ദിക് ദീപിക ദീപിക' എന്ന് പേര് നല്‍കി വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു. എന്തിരന്‍റെ റിലീസിന് ശേഷമാണ് തന്‍റെ കഥ ശങ്കര്‍ മോഷ്ടിച്ചതാണെന്ന് കാട്ടി 1957ലെ പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടി അരുര്‍ കേസ് ഫയല്‍ ചെയ്‌തത്.
വിഷയവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി കേസ് നടന്ന് വരികയാണ്. എന്നാല്‍ ഇതുവരെയും കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ ശങ്കര്‍ തയ്യാറായിട്ടില്ല. അതിനാലാണ് ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചത്. കേസ് ഫെബ്രുവരി 19ന് കോടതി പരിഗണിക്കും. ദേശീയ പുരസ്‌കാരമുള്‍പ്പെടെ നേടിയ ശങ്കറിന്‍റെ എന്തിരനില്‍ രജനികാന്ത്, ഐശ്വര്യറായ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്. ചിത്രം പിന്നീട് നിരവധി ഭാഷകളില്‍ മൊഴി മാറ്റിയും പ്രദര്‍ശനത്തിനെത്തിയിരുന്നു.
സണ്‍ പിക്ചേഴ്‌സാണ് എന്തിരന്‍ നിര്‍മിച്ചത്. വസീഗരന്‍ എന്ന ശാസ്ത്രജ്ഞന്‍റെയും അദ്ദേഹം വികസിപ്പിച്ചെടുത്ത ചിട്ടി എന്ന റോബോട്ടിന്‍റെയും കഥയാണ് എന്തിരന്‍ സിനിമ പറഞ്ഞത്. ശേഷം രണ്ടാം ഭാഗമായി 2.0 എന്ന പേരില്‍ ഒരു സിനിമ കൂടി തിയേറ്ററുകളിലെത്തിയിരുന്നു. രണ്ട് ചിത്രങ്ങളും വലിയ സമ്പത്തിക നേട്ടം കൈവരിച്ചിരുന്നു.