നടന്‍ ഫഹദ് ഫാസില്‍ സിനിമകള്‍ക്ക് തിയേറ്ററുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കി. ഫഹദ് ഫാസില്‍ സിനിമകള്‍ തുടര്‍ച്ചയായി ഒടിടി റിലീസ് ചെയ്യുന്നതിനാല്‍ താരത്തിന് ഫിയോക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി ഫിയോക്ക് ഭാരവാഹികള്‍ രംഗത്തെത്തിയത്. ഫഹദ് ഫാസിലുമായി തര്‍ക്കങ്ങളിലെന്നും ഫിയോക്ക് വ്യക്തമാക്കി. ഒടിടി പ്ലാറ്റ്ഫോമുകളുമായി തുടര്‍ന്നും ഫഹദ് സഹകരിച്ചാൽ താരത്തിന്‍റെ ചിത്രങ്ങൾ തിയേറ്റർ കാണില്ലെന്നാണ് ഫിയോക്ക് മുന്നറിയിപ്പ് നൽകിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് സംഘടന വ്യക്തമാക്കുന്നത്.
കൊവിഡ്, ലോക്ക് ഡൗണ്‍ കാലത്താണ് ഫഹദ് ചിത്രങ്ങള്‍ ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തി തുടങ്ങിയത്. ആദ്യം എത്തിയ ഫഹദ് ചിത്രം മഹേഷ് നാരായണന്‍ സംവിധാനം ചെയ്‌ത സി യു സൂണ്‍ ആയിരുന്നു. മികച്ച അഭിപ്രായം സിനിമ നേടുകയും ചെയ്‌തു. ശേഷം ഇരുള്‍, ജോജി എന്നിവയാണ് ഒടിടി റിലീസ് ചെയ്‌ത ഫഹദ് സിനിമകള്‍. രണ്ടും സമ്മിശ്ര പ്രതികരണവും നേടി. ഫഹദ് ഏറെ പ്രതീക്ഷ പുലർത്തുന്ന മഹേഷ് നാരായണന്‍റെ മാലിക് പെരുന്നാളിന് തിയേറ്ററുകളിലെത്തിയേക്കും.