മുൻ വർഷത്തെ അപേക്ഷിച്ച് 2019 വ്യത്യസ്‌ത പ്രമേയങ്ങളും അവതരണവുമുള്ള സിനിമകളുടെ വർഷമായിരുന്നു. 180 നോടടുത്തു വരും ഈ വർഷം പുറത്തിറങ്ങിയ മലയാളചിത്രങ്ങള്‍. ഇറങ്ങിയ ഭൂരിഭാഗം സിനിമകളും ബോക്‌സ് ഓഫീസിൽ വൻ വിജയം നേടിയെന്ന് പറയാൻ സാധിക്കില്ലെങ്കിലും 200 കോടി ക്ലബിൽ ഇടം പിടിച്ച് റെക്കോഡിട്ട സിനിമകളും കടന്നുപോകാനിരിക്കുന്ന വർഷത്തിന് സ്വന്തം. ഇതിലെ ഏറ്റവും വലിയ പ്രത്യേകത ഹിറ്റായ മിക്ക സിനിമകളും നവാഗത സംവിധായകരുടേതാണെന്നതാണ്. മലയാളത്തിലെ ആദ്യ 200കോടി കളക്ഷൻ നേടിയ ചിത്രം മോഹൻലാലിന് സമ്മാനിച്ചത് സംവിധായകനായി അരങ്ങേറിയ പൃഥ്വിരാജാണ്. മഞ്‌ജു വാര്യർ, വിവേക് ഒബ്രോയ്, ടൊവിനോ തോമസ് തുടങ്ങി വമ്പൻ താരനിരയും ലൂസിഫറിൽ അണിനിരന്നു.
മധു സി. നാരായണൻ തുടക്കം കുറിച്ച ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ഷെയ്‌ൻ നിഗം, സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, അന്ന ബെൻ, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരായിരുന്നു ചിത്രത്തിലെ മുഖ്യ താരങ്ങൾ. ചില സിനിമകൾ കാണെണ്ടതല്ല അനുഭവിക്കേണ്ടതാണെന്ന് കൂടി കാണിച്ചു തന്നു, മധു തന്‍റെ സംവിധാനത്തിലൂടെ. പാർവ്വതി തിരുവോത്തിന്‍റെയും ആസിഫ് അലിയുടെയും മികച്ചപ്രകടനത്തിലൂടെ മലയാളി പ്രേക്ഷകന് ലഭിച്ച നല്ല ചിത്രമായിരുന്നു ഉയരെ. ആസിഡ് ആക്രമണത്തിനിരയായ പല്ലവിയിലൂടെ മനു അശോകൻ പറഞ്ഞ 'ഉയരെ' അന്തർദേശീയ തലത്തിലും ശ്രദ്ധ നേടി. സംവിധാനത്തിൽ പുതിയതാണെങ്കിലും മാത്തുക്കുട്ടി സേവ്യരുടെ 'ഹെലൻ' തികച്ചും പ്രേക്ഷകരെ ഞെട്ടിച്ചു. അന്ന ബെൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം 2019ലെ മികച്ച സിനിമകളിലൊന്നാണ്.
ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ കഥ മലയാളിയുടെ മനസ്സിലേക്ക് പെയ്‌തിറങ്ങിയപ്പോൾ അത് തിയേറ്ററുകളിലും കയ്യടി നേടി. രജീഷ വിജയൻ ഭംഗിയായി അഭിനയിച്ച 'ജൂൺ' സിനിമയിലൂടെ അഹമ്മദ് കബീർ തന്‍റെ പ്രതിഭ കുറിച്ചു. ഗിരീഷ് എ.ഡിയുടെ പ്രഥമ സംരഭം മധുരിക്കുന്ന തണ്ണീർമത്തൻ ദിനങ്ങളാണ് ഈ വർഷം സമ്മാനിച്ചത്. ജെയ്സണും കീർത്തിയും അവരുടെ സ്‌കൂൾ ജീവിതവും മലയാളിയുടെ നൊസ്റ്റാൾജിയ കൂടിയാണ് ഉണർത്തിയത്. ചെറിയ കഥയിലൊരുക്കുന്ന ചിത്രങ്ങൾക്കും ഹിറ്റുണ്ടാക്കാമെന്നത് ആവർത്തിക്കുകയായിരുന്നു ഗിരീഷിന്‍റെ 'തണ്ണീർ മത്തൻ ദിനങ്ങൾ'.
പൊള്ളയല്ലാത്ത പ്രണയകഥ പറഞ്ഞ ഷെയ്‌ൻ നിഗം നായകനായെത്തിയ ചിത്രമായിരുന്നു 'ഇഷ്‌ക്'. ഷെയ്‌നിനൊപ്പം ഷൈൻ ടോം ചാക്കോയെയും നന്നായി ഉപയോഗിച്ചു അനുരാജ് മനോഹർ എന്ന നവാഗത സംവിധായകൻ. ചിത്രത്തിലൂടെ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന സദാചാര ആക്രമണങ്ങളെ അനുരാജ് വ്യക്തമായി രേഖപ്പെടുത്തി. വെറും തമാശയല്ലായിരുന്നു വിനയ് ഫോർട്ടും ചിന്നുവും രസിപ്പിച്ചു കഥ പറഞ്ഞ ചിത്രം. അഷ്റഫ് ഹംസ സംവിധാനം ചെയ്‌ത 'തമാശ' കഷണ്ടിക്കാരനായ യുവാവും വണ്ണമുള്ള പെൺകുട്ടിയും നേരിടുന്ന പ്രശ്‌നങ്ങൾ മാത്രമല്ല വിഷയമാക്കിയത്, നവമാധ്യമങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന സ്വധീനവും ചിത്രത്തിലൂടെ വിവരിക്കുന്നുണ്ട്.
എം.സി. ജോസഫിന്‍റെ 'വികൃതി', സമൂഹമാധ്യമങ്ങളിലെ തെറ്റായ രീതികൾ ഒരാളുടെ ജീവിതത്തെ ബാധിക്കുന്നതെങ്ങനെയെന്നാണ് പ്രമേയമാക്കിയത്. സുരാജും സൗബിനും ഒരുമിച്ചുള്ള വിജയത്തിന്‍റെ കൂട്ടുകെട്ടും വികൃതിയിലൂടെയാണ് ജനിക്കുന്നത്. ദുരുഹതക്കൊപ്പം ഭീതിയും ഇടകലർത്തിയൊരുക്കിയ 'അതിരൻ' വിവേക് എന്ന സംവിധായകന്‍റെ വരവറിയിച്ച ചിത്രമാണ്. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ സായ് പല്ലവിയും ഫഹദ് ഫാസിലും ഒന്നിച്ച ചിത്രത്തിൽ ട്വിസ്റ്റ് കൂടി കലർത്തിയപ്പോൾ വിവേക് എന്ന സംവിധായകന്‍റെ മികവും അവിടെ രചിക്കപ്പെട്ടു. 2019 ന്‍റെ തുടക്കത്തിൽ വിജയിച്ച സിനിമയുടെ നായകൻ തന്നെ അവസാനത്തിലും ഹിറ്റ് ചിത്രത്തിന്‍റെ നായകനായെന്നത് കടന്നുപോകുന്ന വർഷത്തിന്‍റെ പ്രത്യേകതയാണ്. വർഷാവസനത്തിൽ തിയേറ്ററിൽ മികച്ച മുന്നേറ്റം തുടരുന്ന ആസിഫ് അലിയുടെ 'കെട്ട്യോളാണ് എന്‍റെ മാലാഖ' സംവിധാനം ചെയ്‌തതും ഒരു പുതിയ സംവിധായകനാണ്. സ്ലീവാച്ചനിലൂടെ രസകരമായ കുടുംബകഥ പറയുന്നതിൽ നിസാം ബഷീർ എന്ന സംവിധായകൻ വിജയിച്ചു. പുതുവർഷത്തിലും മാറ്റങ്ങളുടെയും വിജയങ്ങളുടെയും റെക്കോഡുകൾ സൃഷ്‌ടിക്കാൻ ഈ പുതുമുഖ പ്രതിഭകൾക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.