ന്യൂഡല്‍ഹി: ദേശീയതലത്തില്‍ തിളങ്ങി മലയാള സിനിമ. 2019ലെ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ചിത്രമടക്കം മലയാളത്തിന് പത്ത് പുരസ്കാരങ്ങള്‍. മരക്കാർ അറബിക്കടലിന്‍റെ സിംഹം ദേശീയ തലത്തില്‍ മികച്ച സിനിമയായി. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്ത ഒരു പാതിരാ സ്വപ്‌നം പോലെ മികച്ച കുടുംബ ചിത്രവും ബിരിയാണി പ്രത്യേക ജൂറി പരാമർശവും നേടി.
മികച്ച നടനുള്ള അവാർഡ് മനോജ് ബാജ്പേയിയും (ഭോസ്‌ലെ), ധനുഷും (അസുരൻ) പങ്കിട്ടു. മികച്ച നടി മണികർണികയിലൂടെ കങ്കണ റണൗട്ടിന് ലഭിച്ചു. മികച്ച സഹനടി പല്ലവി ജോഷി. മികച്ച സഹനടൻ വിജയ് സേതുപതി (സൂപ്പർ ഡീലക്സ്).
മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും മേക്കപ്പ് ആർട്ടിസ്റ്റിനുള്ള പുരസ്‌കാരവും ഹെലൻ ചിത്രത്തിന് ലഭിച്ചു. സംവിധായകൻ മാത്തുക്കുട്ടി സേവ്യറും മേക്കപ്പ് മാൻ രഞ്ജിത് അമ്പാടിയുമാണ് അവാർഡ് ജേതാക്കളായത്. കോളാമ്പിയിലൂടെ "ആരോടും പറയാതെ വയ്യ" എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരത്തിന് പ്രഭ വർമ അർഹയായി. വിശ്വാസം എന്ന തമിഴ് ചിത്രത്തിലൂടെ ഡി. ഇമ്മൻ മികച്ച സംഗീത സംവിധായകനായി. മികച്ച ശബ്‌ദലേഖനത്തിന് റസൂൽ പൂക്കുട്ടി പുരസ്‌കാരാർഹനായി. മികച്ച നൃത്ത സംവിധായകൻ രാജു സുന്ദരം.
മരക്കർ അറബിക്കടലിന്‍റെ സിംഹത്തിലൂടെ വിഎഫ്എക്സിനുള്ള അവാര്‍ഡ് സിദ്ധാർഥ് പ്രിയദർശനും വസ്‌ത്രാലങ്കാരത്തിന് പുരസ്‌കാരം സുജിത് സുധാകരനും നേടി. ഗിരീഷ് ഗംഗാധരൻ മികച്ച ഛായാഗ്രഹനായി. ജല്ലിക്കട്ടിലൂടെയാണ് പുരസ്‌കാര നേട്ടം.
മികച്ച തമിഴ് ചിത്രം വെട്രിമാരന്‍റെ അസുരൻ. മികച്ച മലയാളചിത്രം രാഹുൽ റജി നായരുടെ കള്ളനോട്ടം. മികച്ച പണിയ സിനിമക്കും മലയാളത്തിനാണ് പുരസ്‌കാരം. മനോജ് കാനയുടെ കെഞ്ചിരയാണ് നേട്ടം കൈവരിച്ചത്.
മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തെരഞ്ഞെടുത്തു. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിന് സഞ്ജയ് സൂരിക്ക് പുരസ്‌കാരം ലഭിച്ചു. മറാഠി എഴുത്തുകാരൻ അശോക് റാണെ, പിപി രാമദാസനായിഡു എന്നിവർക്കും മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചു. മികച്ച ശബ്ദവിവരണത്തിന് കന്നഡ ചിത്രത്തിലൂടെ ഡേവിഡ് അറ്റൻബറോ പുരസ്കാരം നേടി.
ദി സ്റ്റാർക് സേവിയേഴ്സ് മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള അവാർഡ് നേടി. ആപ്പിൾസ് ആന്‍റ് ഓറഞ്ചസ് മികച്ച വിദ്യാഭ്യാസ ചിത്രമായി. സോബിനി ചതോപാധ്യായ മികച്ച നിരൂപണത്തിന് അവാർഡ് നേടി. മികച്ച ബാലതാരം തമിഴ് താരം നാദ വിശാലിനെ തെരഞ്ഞെടുത്തു.